ഇന്ന്‌ ലോക അവയവദാന ദിനം

ഇരട്ട അവയവമാറ്റം ; സഹോദരന്‌ 
തുണയായി ദമ്പതികൾ

organ

ശ്രീനാഥ്‌ ബി നായർ / ശ്രീനാഥിന്റെ സഹോദരി ശ്രീദേവിയും ഭർത്താവ്‌ വിപിനും

വെബ് ഡെസ്ക്

Published on Aug 13, 2025, 03:00 AM | 1 min read


കൊച്ചി

ആലുവ സ്വദേശിക്ക്‌ കരളും വൃക്കയും ദാനംചെയ്ത്‌ സഹോദരിയും ഭർത്താവും. ഇരു അവയവവും തകരാറിലായതിനെത്തുടർന്ന്‌ ഗുരുതരാവസ്ഥയിലായ ശ്രീനാഥ് ബി നായരാണ്‌ (43) കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയെത്തിയത്‌. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ ശ്രീനാഥിനെ കുടുംബാംഗങ്ങൾത്തന്നെ ചേർത്തുപിടിക്കുകയായിരുന്നു.


ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി വൃക്ക നൽകാൻ തയ്യാറായി. ഭർത്താവ്‌ എം എൻ വിപിൻ കരൾ പകുത്തുനൽകാനും തയ്യാറായി. ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് കാലിൽവന്ന ചെറിയ കുരുവിൽനിന്നാണ്‌ രോഗത്തിന്‌ തുടക്കം. പിന്നീട്‌ വിവിധ ഘട്ടങ്ങളിലായി പനി, മുറിവ് ഉണങ്ങാത്ത അവസ്ഥ, ക്ഷീണം തുടങ്ങിയവയുണ്ടായി. ആസ്റ്ററിലെ പരിശോധനയിൽ ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി ഡയാലിസിസ് ആരംഭിച്ചു. ലിവർ സിറോസിസും വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യപ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച്‌ കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തി.


ആശാവർക്കർകൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി വൃക്കദാനത്തിന്‌ സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾദാതാവിനായി ശ്രീനാഥിന്റെ ഭാര്യയുടെ സഹോദരനുമായി നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ്‌ ശ്രീദേവിയുടെ ഭർത്താവ്‌ വിപിൻ, കരൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ജോയ് ആലുക്കാസിന്റെ എംജി റോഡ് ബ്രാഞ്ചിലെ അസിസ്റ്റന്റ്‌ മാനേജരാണ് വിപിൻ. ഡോ. മാത്യു ജേക്കബിന്റെയും ഡോ. വി നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലാണ്‌ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മൂന്നുമാസത്തെ വിശ്രമത്തിനുശേഷം മൂവരും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home