സെെബർ പൊലീസ് കേസെടുത്തു
ഓൺലൈൻ ട്രേഡിങ്: 80.78 ലക്ഷം രൂപ തട്ടി ; തട്ടിപ്പിന് ഇരയായത് കണ്ണൂർ സ്വദേശി

കാക്കനാട്
ഓൺലൈൻ ട്രേഡിങ്ങിലൂടെ 80.78 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. വാഴക്കാല കെന്നഡിമുക്കിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി എം ജെ ജോസിന്റെ പരാതിയിലാണ് കേസ്. ജോസിന്റെ അക്കൗണ്ടിൽനിന്ന് ആഗസ്‌ത് 26 മുതൽ ഒക്ടോബർ ഏഴുവരെ 11 തവണയായി 69,65,000 രൂപയും ഭാര്യയുടെ അക്കൗണ്ടിൽനിന്ന് നാലുതവണയായി ആറുലക്ഷം രൂപയും ഭാര്യയുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടിൽനിന്ന് രണ്ടുതവണയായി 5,13,000 രൂപയുമാണ് പ്രതികൾ കൈക്കലാക്കിയത്.
പ്രതികൾ നൽകിയ 11 അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്‌ഫർ ചെയ്യിക്കുകയായിരുന്നു.
നൽകിയ തുകയുടെ ലാഭമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് തിരികെനൽകി. ശേഷം ലാഭമോ നിക്ഷേപിച്ച തുകയോ നൽകിയില്ല.
ഇതേത്തുടർന്നാണ് ജോസ് പരാതി നൽകിയത്. വാട്‌സാപ് വഴിയാണ് പ്രതികൾ ജോസിനെ ബന്ധപ്പെട്ടത്. വിവിധ കന്പനികളുടെ ട്രേഡിങ് പരിചയപ്പെടുത്തി. പിന്നീട് ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ അംഗമാക്കുകയും ട്രേഡിങ് നിക്ഷേപം നടത്തിയാൽ ലാഭം നൽകാമെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. വാട്‌സാപ് വഴിയായിരുന്നു ആശയവിനിമയം. പ്രതികളുടെ അക്കൗണ്ടുകൾ ഉത്തർപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേതാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.









0 comments