നിരന്നു, ഓണത്തപ്പന്മാർ

onathappan
വെബ് ഡെസ്ക്

Published on Sep 04, 2025, 02:46 AM | 1 min read


തൃപ്പൂണിത്തുറ

ചിത്രപ്പണികളാൽ മനോഹരമാക്കിയ ഓണത്തപ്പന്മാർ വിപണിയിൽ നിറഞ്ഞു. ഇനി തിരുവോണത്തെ വരവേൽക്കാം. തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്‌ഷനിലെ ഓണവിപണിയിൽ വിൽപ്പനയ്‌ക്കെത്തിച്ച ഓണത്തപ്പന്മാരാണ്‌ ഇ‍ൗ വർഷത്തെ മിന്നുംതാരങ്ങൾ.


മൂവാറ്റുപുഴ വാളകം കുണ്ടുവേലിൽ രാജപ്പനാണ് കഥകളിയും നെറ്റിപ്പട്ടവും ആലേഖനം ചെയ്ത നാലരയടിയിലേറെ ഉയരമുള്ള ഓണത്തപ്പനെ വിപണിയിലെത്തിച്ചത്. ആയിരം രൂപയാണ് അഴകൊത്ത ഓണത്തപ്പന്റെ വില. 200 രൂപമുതൽ 1200 രൂപവരെ ഓണത്തപ്പന്മാരുടെ സെറ്റുകളും വിപണിയിലുണ്ട്. മുത്തിയമ്മ, അരകല്ല്, ആട്ടുകല്ല്, ചിരവ തുടങ്ങി 10 ഇനങ്ങളാണ് ഒരു സെറ്റിലുള്ളത്.


സ്‌റ്റാച്യു ജങ്‌ഷനിലും പരിസരങ്ങളിലുമായി നിരവധിപേർ ഓണത്തപ്പന്മാരെ വിൽപ്പനയ്‌ക്ക്‌ എത്തിച്ചിട്ടുണ്ട്‌. പാടത്തുനിന്ന് മണ്ണെടുക്കാൻ സാധ്യമല്ലാത്തതിനാൽ മൺപാത്രനിർമാണം നടത്തുന്ന കമ്പനിയിൽനിന്ന്‌ അരച്ച മണ്ണ് വാങ്ങിയാണ് ഓണത്തപ്പനെ നിർമിക്കുന്നത്.


അരച്ച മണ്ണിന് ഇത്തവണ കിലോയ്ക്ക് 40 രൂപ നൽകണം. ഇത്‌ മുൻവർഷത്തേക്കാൾ കൂടുതലാണെങ്കിലും ഓണത്തപ്പന്മാരെ കഴിഞ്ഞവർഷങ്ങളിലെ വിലയ്ക്കുതന്നെയാണ് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. കൂടാതെ ഓണം കളറക്കാൻ ഓലക്കുട ചൂടിയ മാവേലിമാരും ഓണവഞ്ചിയും വിപണിയിലുണ്ട്. ഓണത്തിന് പൂക്കച്ചവടം എല്ലായിടത്തുമുണ്ടെങ്കിലും ഓണത്തപ്പന്മാരുടെ മാത്രം വിൽപ്പനയ്ക്കായി സ്റ്റാച്യു ജങ്‌ഷനിൽ കച്ചവടക്കാർ കേന്ദ്രീകരിക്കുന്നത് തൃപ്പൂണിത്തുറയുടെ പ്രത്യേകതയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home