ഓണത്തപ്പനെ മിഴിവോടെ ഒരുക്കി കീഴ്‌മാട്‌ ഗ്രാമം

onathappan
avatar
എം പി നിത്യൻ

Published on Aug 31, 2025, 03:22 AM | 1 min read


ആലുവ

തിരുവോണനാളിൽ എതിരേൽപ്പ്‌ തറയിൽ മിഴിവേറും ഓണത്തപ്പന്മാരെ ഒരുക്കി ആലുവ കീഴ്മാട് ഗ്രാമം. കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണസംഘത്തിനുകീഴിലും കളിമൺതൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ചും നൂറുകണക്കിന്‌ ഓണത്തപ്പന്മാരെയാണ്‌ ഇ‍ൗ ദിവസങ്ങളിൽ നിർമിക്കുന്നത്‌. വിൽപ്പനയ്‌ക്ക്‌ കാലാനുസൃതമായ പുതിയ രീതികൾ സ്വീകരിച്ചെങ്കിലും നിർമാണം പരമ്പരാഗതരീതിയിൽത്തന്നെ.


1943ൽ സ്ഥാപിതമായ കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണസംഘത്തിനുകീഴിൽ നാൽപ്പതോളം തൊഴിലാളികളാണ്‌ വിശ്രമമില്ലാതെ ഓണത്തപ്പൻ നിർമാണത്തിലേർപ്പെട്ടിട്ടുള്ളത്‌. പരമ്പരാഗതമായി കളിമൺപാത്ര നിർമാണത്തിലുള്ള പന്ത്രണ്ടോളം വീടുകൾ കേന്ദ്രീകരിച്ചും നിർമാണം നടക്കുന്നു. ഓണക്കാലമായാൽ കളിമണ്ണ്‌ ഉപയോഗിച്ചുള്ള മറ്റു നിർമാണങ്ങളെല്ലാം തൽക്കാലം നിർത്തിവയ്‌ക്കുന്നതാണ്‌ പതിവ്‌. ഓണക്കാലത്ത്‌ ഡിമാൻഡ്‌ ഏറെയുള്ള മൺപാത്രങ്ങളുടെ നിർമാണം കാലേക്കൂട്ടി പൂർത്തിയാക്കും. വീടുകളിലെ നിർമാണത്തിൽ കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം പങ്കാളിയാകും.


നിർമാണത്തിലെ പ്രത്യേകതകളാണ് കീഴ്മാട് ഓണത്തപ്പനെ വേറിട്ടുനിർത്തുന്നത്. അരച്ചെടുത്ത കളിമണ്ണിലാണ്‌ നിർമാണം. ചൂളയിൽ വേവിച്ചെടുക്കാൻ പാടില്ലെന്ന വിശ്വാസം ഇപ്പോഴും പിന്തുടരുന്നു. മണ്ണ്‌ അടിച്ചുപരത്തി ആകൃതിയൊപ്പിച്ചശേഷം വെയിലിൽ നന്നായി ഉണക്കി നിറംപൂശും. തുമ്പ കുത്തുന്നതിനായി മുകളിലും വശങ്ങളിലും ചെറുദ്വാരങ്ങളുണ്ടാകും. അഞ്ചെണ്ണമുള്ള ഒരു സെറ്റ് ഓണത്തപ്പന് വലിപ്പമനുസരിച്ച്‌ 150 മുതൽ 200 വരെയാണ് വില. സംസ്ഥാനത്തെമ്പാടുനിന്നും ഓണത്തപ്പന്മാരെ വാങ്ങാൻ ഇവിടെ ആൾക്കാർ എത്താറുണ്ട്‌.


വേണ്ടത്ര കളിമണ്ണ് ലഭ്യമല്ലാത്തത്‌ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന്‌ തൊഴിലാളികൾ പറഞ്ഞു. നാട്ടിൽ ആവശ്യത്തിന്‌ ലഭ്യമല്ലാത്തതിനാൽ ബംഗളൂരു, തഞ്ചാവൂർ എന്നിവിടങ്ങളിൽനിന്നാണ്‌ മണ്ണ്‌ വരുന്നത്‌. വലിയവിലയും നൽകേണ്ടി വരുന്നു.വീടുകൾ കേന്ദ്രീകരിച്ചുള്ള നിർമാണത്തിന്‌ സഹകരണ സംഘത്തിൽനിന്നാണ്‌ അരച്ച മണ്ണ് വാങ്ങുന്നത്. ജില്ലയിൽ കളിമണ്ണ് സുലഭമായി ലഭിക്കുന്ന ഒട്ടേറെ പാടശേഖരങ്ങൾ ഉണ്ടായിട്ടും മണ്ണ് എടുക്കാൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി.



deshabhimani section

Related News

View More
0 comments
Sort by

Home