സമൃദ്ധി, സന്തോഷം

onam celebrations

ഉത്രാടപ്പാച്ചിലില്‍ എറണാകുളം ബ്രോഡ് വേയില്‍ ഉണ്ടായ തിരക്ക്

വെബ് ഡെസ്ക്

Published on Sep 05, 2025, 03:33 AM | 1 min read


കൊച്ചി

വിലക്കയറ്റത്തിന്റെയോ പൂഴ്‌ത്തിവയ്‌പിന്റെയോ പരാതി ലേശമില്ലാതെ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെ എല്ലാം വിപണിയിൽ ആവശ്യംപോലെ ലഭ്യമായ സമൃദ്ധിയുടെ ഓണക്കാലം. പുത്തനുടുപ്പും പൂക്കളങ്ങളും ഓണക്കാല വിനോദങ്ങളും നിറംപകർന്ന പത്തുനാളുകൾ. നന്മനിറഞ്ഞ നല്ലനാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾക്ക്‌ വെള്ളിയാഴ്‌ച സമൃദ്ധിയുടെ തിരുവോണം.


ഉത്രാടപ്പകലിൽ ഇടവിട്ട്‌ പെയ്‌ത മഴയിലും വിപണിയിലെ ആവേശം തണുത്തില്ല. വസ്‌ത്രശാലകളിലും സൂപ്പർമാർക്കറ്റുകളിലും രാവിലെമുതൽതന്നെ തിരക്കാരംഭിച്ചിരുന്നു. പച്ചക്കറി, പഴം മാർക്കറ്റുകളും തിരക്കിലായി. എറണാകുളം ബ്രോഡ്‌വേയിൽ മുന്പൊന്നും കാണാത്തവിധം ജനാവലിയെക്കൊണ്ട്‌ നിറഞ്ഞു. സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ ജില്ലയിലാകെ പ്രാദേശികതലത്തിൽ തുറന്ന പച്ചക്കറി വിപണികൾ വലിയ ശ്രദ്ധനേടി. ആവശ്യത്തിന്‌ സാധനങ്ങൾ എല്ലായിടത്തും എത്തിച്ചിരുന്നെങ്കിലും വിഷരഹിത പച്ചക്കറികൾക്ക്‌ ആവശ്യക്കാർ ഏറെയായിരുന്നതിനാൽ ഉച്ചയോടെ വിൽപ്പനശാലകൾ കാലിയായി.


സപ്ലൈകോ മാർക്കറ്റുകളിൽ തെരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങൾക്ക് ഉത്രാടദിനത്തിൽ 10 ശതമാനംവരെ വിലക്കുറവ് നൽകിയത്‌ നൂറുകണക്കിനാളുകൾ പ്രയോജനപ്പെടുത്തി. ഓണത്തോട് അനുബന്ധിച്ച് നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെയായിരുന്നു ഇത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്കായിരുന്നു അധിക വിലക്കുറവ് നൽകിയത്‌. മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും വിലക്കുറവുണ്ടായി. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനംവരെ വിലക്കുറവുമുണ്ടായിരുന്നു.


ജില്ലയിൽ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണനേതൃത്വവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്ന്‌ സംഘടിപ്പിക്കുന്ന ‘ലാവണ്യം 2025’ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ജില്ലയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായാണ്‌ കലാസാംസ്‌കാരിക പരിപാടികൾക്ക്‌ വേദിയൊരുക്കിയത്‌.


ശാസ്ത്രീയ നൃത്താവതരണങ്ങൾ, സൂഫി സംഗീതം, ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ, പെർഫ്യൂം ബാൻഡ് ഷോ, നാടൻപാട്ടുകൾ, കഥാപ്രസംഗങ്ങൾ, ഊരാളി പാട്ടും പറച്ചിലും, ദേശിയ കലാരൂപങ്ങളുടെ അവതരണം, ഗസൽ, ചാക്യാർകൂത്ത്, സംഗീതവിരുന്ന് തുടങ്ങിയ പരിപാടികളുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Home