അടിസ്ഥാന വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കും: മന്ത്രി ഒ ആർ കേളു

കൊച്ചി
അടിസ്ഥാന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി– വർഗ വികസന മന്ത്രി ഒ ആർ കേളു പറഞ്ഞു. ഇത്തരം വിഭാഗങ്ങളിലെ വ്യക്തികളുടെ ഉൽപ്പന്നങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ എത്തിക്കുക, അതുവഴി അവർക്ക് തൊഴിലും വരുമാനവുമുണ്ടാക്കുക എന്ന ലക്ഷ്യം ഗദ്ദികയ്‌ക്കുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഏഴുദിവസങ്ങളായി നടന്ന ഗദ്ദിക– 2025 ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗദ്ദികയോട് അനുബന്ധിച്ച് മികച്ച പാരമ്പര്യ കലാസംഘത്തിന് മുളവുകാട് പഞ്ചായത്ത് ഏർപ്പെടുത്തിയ ദാക്ഷായണി വേലായുധൻ സ്മരണാഞ്ജലി പുരസ്കാരം മന്ത്രി സമ്മാനിച്ചു. കൊട്ടാരക്കരയിൽനിന്നുള്ള മഹേഷ് തേനാദി നേതൃത്വം നൽകുന്ന തേനാദി നാടൻ കലാസംഘം അവതരിപ്പിച്ച പാക്കനാർ പരുന്താട്ടത്തിനാണ് പുരസ്കാരം. ഗദ്ദികയുടെ വിജയത്തിനായി പ്രവർത്തിച്ച വകുപ്പുകൾ, ജനപ്രതിനിധികൾ, സംഘാടകർ എന്നിവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
സമാപനസമ്മേളനത്തിൽ കൊച്ചി കോർപറേഷൻ കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ പി ആർ റെനീഷ് അധ്യക്ഷനായി. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, വി എസ് അക്ബർ, ഡോ. എസ് ബിന്ദു, ജോസഫ് ജോൺ, വി സജീവ്, ലിസ ജെ മങ്ങാട്, സി രാജേന്ദ്രൻ, ആർ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.








0 comments