നൗറ ഹാപ്പിയാണ് ; വിജയം പൊതുവിദ്യാലയത്തിന്റേതും

നൗറ അൽമ നാജിദ് ഇന്തോനേഷ്യയിൽനിന്ന് ഓൺലെെനിൽ സ്കൂൾ പ്രധാനാധ്യാപിക ദുർഗ മേനോനുമായി സന്തോഷം പങ്കുവയ്ക്കുന്നു
കൊച്ചി
പത്താംക്ലാസ് ഫലം വരുമ്പോൾ നൗറ ഇന്തോനേഷ്യയിലായിരുന്നു. ഫുൾ എ പ്ലസ് ഉണ്ടെന്നറിഞ്ഞ് എച്ച്‌എം ദുർഗ ടീച്ചറെ വിളിച്ച് സന്തോഷംപങ്കിട്ടു. എളമക്കര ഗവ. എച്ച്‌എസ്‌എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് നൗറ അൽമ നാജിദ്. മലപ്പുറം സ്വദേശി നാജിദ് പാഷയുടെയും ഇന്തോനേഷ്യ സ്വദേശിയായ ലിസ അരിസലീനയുടെയും മകൾ. നാജിദ് പ്രത്യേക താൽപ്പര്യമെടുത്തായിരുന്നു മക്കളെ പൊതുവിദ്യാലയത്തിൽ ചേർത്തത്.
അമ്മയ്‌ക്കും എതിർപ്പുണ്ടായില്ല. ചേച്ചി നഷ നദീറയും എളമക്കര സ്കൂളിൽനിന്ന് ഫുൾ എ പ്ലസോടെ പത്താംക്ലാസ് വിജയിച്ചിരുന്നു. ഇളയമകൾ നൗറയും മികച്ച വിജയം നേടിയതിൽ വലിയ സന്തോഷമുണ്ടെന്ന് നാജിദ് പറഞ്ഞു. മികച്ച പഠനസൗകര്യവും പൊതുവിദ്യാലയങ്ങളിൽ സർക്കാർ ഉറപ്പാക്കുമ്പോൾ സ്വകാര്യസ്കൂളുകൾക്ക് പിന്നാലെ പോകേണ്ടതില്ല. അനുഭവസമ്പത്തുള്ള അധ്യാപകരുടെ സേവനവും എടുത്തുപറയേണ്ടതുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന നാജിദ് പറഞ്ഞു.
"മികച്ച പിന്തുണയാണ് അധ്യാപകരും സുഹൃത്തുക്കളും നൽകിയത്. കേരളത്തിൽത്തന്നെയാകും തുടർപഠനം. പ്ലസ് വൺ പ്രവേശന സമയമാകുമ്പോഴേക്കും തിരികെയെത്തും. സയൻസ് എടുക്കണമെന്നാണ് ആഗ്രഹം'–- നൗറ പറഞ്ഞു. കറുകപ്പിള്ളിയിലാണ് നൗറയുടെ കുടുംബം താമസിക്കുന്നത്.









0 comments