നിധി ഇനി അച്ഛനമ്മമാർക്കൊപ്പം

കൊച്ചി
‘നിധി’ക്ക് ഇനി അമ്മയുടെ താരാട്ടുകേട്ട് ഉറങ്ങാം. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ കുഞ്ഞിനെ മാതാപിതാക്കളായ മംഗലേശ്വറും രഞ്ജിതയും സന്തോഷാശ്രുക്കളോടെ സ്വീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രക്ഷിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് കേരളം ഹൃദയത്തോടുചേർത്ത കുഞ്ഞാണ് നിധി. ഏറ്റെടുക്കാൻ തയ്യാറാണെന്ന് ജാർഖണ്ഡ് ശിശുക്ഷേമസമിതി അറിയിച്ചതിനെ തുടർന്ന് എറണാകുളം ജില്ലാ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരുടെ സംഘമാണ് കുഞ്ഞിനെ ട്രെയിൻമാർഗം ജാർഖണ്ഡിൽ എത്തിച്ചത്.
‘എസി കമ്പാർട്ടുമെന്റിലെ തണുപ്പിൽ ചിരിച്ചും ഇടയ്‌ക്ക് ചിണുങ്ങിക്കരഞ്ഞും ഉറങ്ങിയും യാത്രയിലുടനീളം മിടുക്കിയായിരുന്നുവെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ എസ് സിനി പറഞ്ഞു. ജാർഖണ്ഡിലെ ലോഹർദഗ ജില്ലയിലെ ശിശുക്ഷേമസമിതി ഓഫീസിലെത്തി ബുധൻ പകൽ 11.15ന് കുഞ്ഞിനെ ഉദ്യോഗസ്ഥർക്ക് കൈമാറി. ചെയർപേഴ്‌സൺ കുന്തീദേവി, അംഗം സുനിതാദേവി എന്നിവർചേർന്ന് ഏറ്റുവാങ്ങി. 10 മിനിറ്റിനുശേഷം എത്തിയ മംഗലേശ്വറിനും രഞ്ജിതയ്‌ക്കും കുന്തീദേവി കുഞ്ഞിനെ കൈമാറി. ലോഹദർഗ കലക്ടർ ഡോ. കുമാർ താരാചന്ദും സന്നിഹിതനായിരുന്നു.
ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് മരിച്ചെന്ന ധാരണയിൽ മംഗലേശ്വറും രഞ്ജിതയും നാട്ടിലേക്ക് പോയി. ആശുപത്രിയിൽ നൽകാൻ പണമില്ലാതിരുന്നതും ഉപേക്ഷിക്കാൻ കാരണമായെന്ന് ഇവർ പിന്നീട് പറഞ്ഞു. സംസ്ഥാന സർക്കാർ കുഞ്ഞിനെ ഏറ്റെടുത്ത് പരിചരണവും വൈദ്യസഹായവും ഉറപ്പാക്കി. ആരോഗ്യമന്ത്രി വീണാ ജോർജ് ‘നിധി’യെന്ന് പേരിട്ടു. കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ഉപേക്ഷിച്ചതിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ, കൊച്ചിയിൽ ഓൾ ഇന്ത്യ പൊലീസ് ബാഡ്‌മിന്റണിൽ പങ്കെടുത്ത ജാർഖണ്ഡുകാരായ പൊലീസുകാരോട് എസ്‌ഐ കെ പി റെജി ഈ സംഭവം പറഞ്ഞു. അവരുടെ സഹായത്തോടെയാണ് മാതാപിതാക്കളെ കണ്ടെത്തിയത്. അവർ പിന്നീട് കുഞ്ഞിനെ ഏറ്റെടുക്കാൻ സന്നദ്ധരായി കേരളത്തിലെത്തി പൊലീസ് സ്‌റ്റേഷനിലും സിഡബ്ല്യുസിയിലും ഹാജരായി മൊഴിയും നൽകിയിരുന്നു.









0 comments