താരാട്ടിന്റെ ഈണങ്ങളിൽ നിധിക്ക് സുഖയാത്ര

കൊച്ചി
താരാട്ടിന്റെ ഈണങ്ങളാണ് ആ ബോഗിയിൽ നിറയെ. ഒപ്പം കളിയും ചിരിയും കൊഞ്ചലുകളും. ജാർഖണ്ഡിലേക്കുള്ള യാത്രയിലും കേരളത്തിന്റെ സ്‌നേഹവും വാത്സല്യവും ആവോളം നുകരുകയാണ് നിധി. ബുധനാഴ്‌ച നിധിയെ ജാർഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറും.
‘‘ നിധി കൂടുതൽ സമയവും ഉറക്കത്തിലാണ്. യാത്രയുടെ അസ്വസ്ഥതകളൊന്നുമില്ല. നല്ല സ്‌മാർട്ടായി, സുഖമായി ഇരിക്കുന്നു’’ എറണാകുളം ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ എസ് സിനി പറഞ്ഞു. ‘‘ബുധൻ രാവിലെ നിധിയെ കൈമാറും. ജാർഖണ്ഡിലെ ഉദ്യോഗസ്ഥർ മാതാപിതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. അവരും അവിടെ എത്തിയേക്കും. അവർക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ജാർഖണ്ഡ് സിഡബ്ലുസിയാണ്’’ -സിനി പറഞ്ഞു.
ജാർഖണ്ഡ് സിഡബ്ല്യുസി കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിധിയുമായി സിനിയും സംഘവും തിങ്കളാഴ്‌ച അവിടേക്ക് തിരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഹൃദയത്തോട് ചേർക്കുകയായിരുന്നു. ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.









0 comments