ദേശീയപാത 66 ; കുര്യാപ്പിള്ളിയിൽ സർവീസ് റോഡിന്റെ പാർശ്വഭിത്തിക്ക് വിള്ളൽ

പറവൂര്‍
ദേശീയപാത 66 മൂത്തകുന്നം -ഇടപ്പള്ളി റീച്ചില്‍ നിർമാണം നടക്കുന്ന കുര്യാപ്പിള്ളിയില്‍ സര്‍വീസ് റോഡിന്റെ പാര്‍ശ്വഭിത്തിക്ക് വിള്ളല്‍ കണ്ടെത്തി. വിള്ളലിനിടയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. മഴ ശക്തമായാല്‍ വിള്ളല്‍ വലുതാകാനും സാധ്യതയുണ്ട്. സര്‍വീസ് റോഡിന്റെ കിഴക്കുഭാഗത്ത് ത്രിവേണി ഹോട്ടലിനുസമീപമാണ് ഞായറാഴ്ച പ്രദേശവാസികള്‍ ഇത് കണ്ടത്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ദേശീയപാത അതോറിറ്റിക്കും വടക്കേക്കര പഞ്ചായത്ത് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ട്.
വടക്ക് തൃശൂരില്‍നിന്ന് ജില്ലാ അതിര്‍ത്തിയായ മൂത്തകുന്നം കുര്യാപ്പിള്ളി ഭാഗത്തേക്ക് പാത കടന്നുപോകുന്നത് ഉയരപ്പാതയായാണ്. കോട്ടപ്പുറം മേജര്‍പാലവും പിന്നീട് വരുന്ന കുര്യാപ്പിള്ളി പാലവും കടന്നുപോകുന്നയിടമാണ്. കുര്യാപ്പിള്ളി പുഴയ്ക്ക് മേലെ നാല് പാലങ്ങളാണ് വരുന്നത്. കിഴക്കുഭാഗത്ത് കെട്ടി ഉയര്‍ത്തിയ കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയിലാണ് വിള്ളല്‍. ദേശീയപാതയുടെ നിര്‍മാണംസംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അപാകം പരിഹരിക്കാന്‍ കലക്‌ടറേറ്റില്‍ അടുത്ത ദിവസം തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം കലക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.









0 comments