ദേശീയപാത നിർമാണം ; മണ്ണിനായി തേലത്തുരുത്തിൽ വൻ കുഴിയെടുത്തെന്ന് പരാതി

പറവൂർ
ദേശീയപാത നിർമാണത്തിനായി പുഴയിലെ ജലനിരപ്പിനേക്കാൾ താഴ്‌ന്ന പ്രദേശത്ത് വൻതോതിൽ കുഴിച്ച് മണ്ണെടുക്കുന്നതായി പരാതി. മാഞ്ഞാലി പാലത്തിനുസമീപം തേലത്തുരുത്തിലാണ് സംഭവം. പുഴയിൽനിന്ന് അഞ്ചു മീറ്റർമാത്രം മാറിയാണ് കൂറ്റൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തത്.
2018ലെ പ്രളയത്തിൽ 18 അടി വെള്ളം ഉയർന്ന് ദിവസങ്ങളോളം തേലത്തുരുത്ത് ഗ്രാമം വെള്ളത്തിനടിയിലായിരുന്നു. ചെറിയ തോതിൽ പുഴയിൽ വെള്ളം ഉയർന്നാൽ ദുരിതാശ്വാസക്യാമ്പ് തുറക്കുന്ന ഈ പ്രദേശത്ത് പുഴയോട് ചേർന്നാണ് മണ്ണെടുക്കുന്നത്. ദേശീയപാതയുടെ പദ്ധതിയാണിതെന്നും അതിക്രമിച്ചുകടക്കുന്നത് ശിക്ഷാർഹമാണെന്നും ബോർഡ് സ്ഥാപിച്ചാണ് കുഴിയെടുത്തത്. സിപിഐ എം പ്രവർത്തകരെത്തി കുഴിയെടുക്കുന്നത് നിർത്തിവയ്‌പിച്ചു. മണ്ണെടുക്കുന്നത് പാലത്തിന് ബലക്ഷയമുണ്ടാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
മണ്ണ് കുഴിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വാർഡ് അംഗം സുമില ശിവൻ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. കുഴി എടുക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് കാണിച്ച് പുത്തൻവേലിക്കര വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. മാഞ്ഞാലി പുഴയിൽനിന്ന് മണൽ കുഴിച്ചെടുത്ത് ഈ കുഴിയിൽ നിറച്ചശേഷം അവിടെനിന്ന് ദേശീയപാത നിർമാണസ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് നടത്തിയതെന്നാണ് സൂചന.









0 comments