ദേശീയപാത 66 നിർമാണം ; 16 വീട്ടുകാർക്കും വഴിയൊരുക്കും

പറവൂർ
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി മൂത്തകുന്നത്ത് സർവീസ് റോഡിലേക്ക് കടക്കാൻപറ്റാതിരുന്ന 16 വീട്ടുകാർക്കും മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ വഴിയൊരുങ്ങുന്നു. മൂത്തകുന്നം കവലയുടെ സമീപത്തുള്ളവരാണ് പുറത്തേക്കിറങ്ങാൻ വഴിയില്ലാതെ പ്രതിസന്ധിയിലായത്. ഈ ഭാഗത്ത് സർവീസ് റോഡിന്റെ കാന മൂന്ന് മീറ്ററോളം ഉയരത്തിൽ പണിതതാണ് തിരിച്ചടിയായത്. മഴ കനത്തതോടെ വെള്ളക്കെട്ടും രൂക്ഷമായി. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രിയുടെ നിർദേശമനുസരിച്ച് ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജർ ജോൺ ജീവന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വ രാവിലെ സ്ഥലം സന്ദർശിച്ചു.
ഇവരുടെ വഴിയിൽനിന്ന് വടക്കോട്ട് മൂന്ന് മീറ്റർ വീതിയിൽ റാംപ് നിർമിച്ച് മധ്യഭാഗത്തായി സർവീസ് റോഡിനോടുചേർന്നുനിർമിക്കുന്ന പ്ലാറ്റ്ഫോമിൽ എത്തിക്കും. വടക്കുഭാഗത്തുള്ളവർക്കും ഇതേ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ റാംപ് ഒരുക്കും. ദേശീയപാതാ അതോറിറ്റി ഏറ്റെടുത്ത സ്ഥലത്തിനുപുറമെ ആവശ്യമായിവരുന്ന ഭൂമി ഏറ്റെടുക്കും. സ്ഥലയുടമകളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ സംസാരിച്ച് അനുമതി വാങ്ങിയാൽ എത്രയുംവേഗം നിർമാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വീട്ടുകാർക്ക് ഉറപ്പുനൽകി. ഇവിടെ തടസ്സമായി നിൽക്കുന്ന രണ്ട് വൈദ്യുതിത്തൂണുകൾ നീക്കാൻ കെഎസ്ഇബിയോട് നിർദേശിച്ചിട്ടുണ്ട്.
പാലത്തിനടിയിലൂടെ കിഴക്കോട്ട് ആശുപത്രിയുടെ മുന്നിലൂടെ ഒരു വഴികൂടി നിർമിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കുര്യാപ്പിള്ളി പാലം നിർമാണത്തിന്റെ ഭാഗമായി പുഴ നികത്തിയത് ഉടൻ തുറന്ന് നീരൊഴുക്ക് സുഗമമാക്കും. മണ്ണുനീക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്‌ചറൽ പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.









0 comments