വരൂ... പഠിക്കാം നൂതന കോഴ്സുകൾ ; ജില്ലയിൽ 15 നെെപുണി വികസനകേന്ദ്രങ്ങൾ തുടങ്ങി

എറണാകുളം എസ്ആർവി സ്കൂളിൽ നൈപുണി വികസന പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന 3 ഡി പ്രിന്റിങ് ക്ലാസ്
എസ് ശ്രീലക്ഷ്‌മി
Published on Jul 14, 2025, 03:17 AM | 1 min read
കൊച്ചി
യുവജനങ്ങൾക്ക് നൂതന കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കി സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ്- ജില്ലയിൽ ആരംഭിച്ചത് 15 നൈപുണി വികസനകേന്ദ്രങ്ങൾ (സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ). തൊഴിൽ നൈപുണി വികസിപ്പിക്കുകയും യുവതയെ ആധുനിക തൊഴിൽമേഖലകളിൽ സജ്ജരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 15 മുതൽ 23 വയസ്സുവരെയുള്ളവർക്ക് കോഴ്‌സുകളിൽ ചേരാം.
ഓരോ സെന്ററിലും വ്യത്യസ്ത തൊഴിലുകളുമായി ബന്ധപ്പെട്ട രണ്ട് കോഴ്‌സാണുള്ളത്. ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം. പൈലറ്റ് പദ്ധതിയായി ജില്ലയിൽ കളമശേരി ജിവിഎച്ച്‌എസ്‌എസിൽ നൈപുണി വികസനകേന്ദ്രം കഴിഞ്ഞവർഷം ആരംഭിച്ചിരുന്നു. ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ, വെയർഹൗസ് അസോസിയറ്റ് എന്നീ കോഴ്‌സുകളാണ് ഉണ്ടായിരുന്നത്. ഇത് വിജയമായതോടെയാണ് മറ്റ് 14 കേന്ദ്രങ്ങൾകൂടി ആരംഭിച്ചതെന്ന് എസ്‌എസ്‌കെ ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ ഇൻ ചാർജ് ജോസഫ് വർഗീസ് പറഞ്ഞു.
നിലവിൽ 15 സെന്ററുകളിലും ക്ലാസുകൾ നടക്കുന്നു. 1000 രൂപ ഡെപ്പോസിറ്റ് നൽകണമെന്നതല്ലാതെ മറ്റ് ഫീസില്ല. ശനിയും ഞായറും പൊതു അവധിദിവസങ്ങളിലുമാണ് ക്ലാസ്. എല്ലാ കേന്ദ്രത്തിലും കോ–-ഓർഡിനേറ്ററും രണ്ടു പരിശീലകരുമുണ്ടാകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര അംഗീകൃത നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക് സർട്ടിഫിക്കറ്റ് ലഭിക്കും. കേന്ദ്രപദ്ധതിയായ സ്റ്റാർസിന്റെകൂടി സഹായത്തോടെയാണ് നൈപുണി വികസനകേന്ദ്രങ്ങൾ തുടങ്ങിയിട്ടുള്ളത്. ഈ വർഷത്തെ പ്രവേശനടപടികൾ അവസാനിച്ചു. ആറുമാസത്തിനകം പുതിയ ബാച്ചുകളിലേക്ക് പ്രവേശനമുണ്ടാകും. എസ്‌എസ്‌കെയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോറം ലഭിക്കും.










0 comments