ഏലൂരിലെ നേതാജി റോഡിന് വീതികൂട്ടും; നിർമാണം തുടങ്ങി

ഏലൂർ നാറാണത്ത് പറമ്പിലേക്കുള്ള നേതാജി റോഡിന്റെ വീതി കൂട്ടിയുള്ള നിർമാണം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ഏലൂർ ഗവ. എൽപി സ്കൂളിന് പിറകിലായി നാറാണത്തുപറമ്പിൽ താമസിക്കുന്ന ഒമ്പത് കുടുംബങ്ങൾക്ക് ഗതാഗതയോഗ്യമായ റോഡിനായി ഇടപെടുമെന്ന മന്ത്രി പി രാജീവിന്റെ ഉറപ്പ് യാഥാർഥ്യത്തിലേക്ക്.
2024 ഒക്ടോബർ 21ന് ഏലൂർ ഗവ. എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് പ്രദേശവാസികൾ നിവേദനം നൽകിയപ്പോഴാണ് മന്ത്രി വാക്കുകൊടുത്തത്. മൂന്നുമീറ്റർ വീതിയിൽ റോഡ് നിർമാണം ശനി വൈകിട്ട് ഏലൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
നിലവിലെ രണ്ടുമീറ്റർ വീതിയുള്ള റോഡ് വീതികൂട്ടി ആംബുലൻസെങ്കിലും വരാവുന്ന തരത്തിൽ നിർമിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. 200 മീറ്ററോളം നീളമുള്ള റോഡിന്റെ 122 മീറ്റർ ഭാഗം ഏലൂർ ഗവ. എൽപി സ്കൂൾ വളപ്പാണ്. ഈ ഭാഗത്തുനിന്ന് ഒരുമീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകിയാൽ മൂന്നുമീറ്റർ റോഡ് നിർമിക്കാമെന്നായിരുന്നു നാട്ടുകാരുടെ നിവേദനം.
പി രാജീവ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയുടെ ഫലമായി ജൂൺ 16ന് നേതാജി റോഡിന്റെ വീതികൂട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം വിട്ടുനൽകി സർക്കാർ ഉത്തരവിറക്കി. തുടർന്നാണ് നിർമാണഘട്ടത്തിലെത്തുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എ ഡി സുജിൽ അധ്യക്ഷനായി. ജയശ്രീ സതീഷ്, പി എ ഷെറീഫ്, കെ എ മാഹിൻ, ഏലൂർ ജിഎൽപി സ്കൂൾ പ്രധാനാധ്യാപകൻ സിബി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
റോഡിന് എംഎൽഎ റോഡ് എന്ന് പേരുനൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും മഹാനായ സ്വാതന്ത്ര്യ സേനാനിയുടെ പേര് മാറ്റേണ്ടതില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ ആവശ്യത്തിൽനിന്ന് നാട്ടുകാർ പിന്മാറി.









0 comments