മുനന്പം ഭൂമി തർക്കം ; മുതലെടുപ്പുകാർക്ക്‌ മുഖത്തടി

munambam land case
വെബ് ഡെസ്ക്

Published on Oct 11, 2025, 03:53 AM | 2 min read


കൊച്ചി

മുനമ്പം ഭൂപ്രശ്‌നത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിനും വർഗീയ ചേരിതിരിവിനും അരയുംതലയും മുറുക്കി രംഗത്തിറങ്ങിയവർക്കുള്ള തിരിച്ചടിയായി സുപ്രധാന ഹൈക്കോടതി വിധി. മുനന്പത്തെ അറുന്നൂറോളം കുടുംബങ്ങളെ വഴിയാധാരാമാക്കില്ലെന്ന ദൃഢനിശ്ചയത്തോടെ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളാണ്‌ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രവിധിയിലൂടെ അംഗീകരിക്കപ്പെട്ടത്‌.


മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ലെന്നാണ്‌ ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കിയത്‌. 1950ലെ ആധാരപ്രകാരം ഭൂമി ഫാറൂഖ് കോളേജിന് ദാനം കിട്ടിയതാണ്. ഇത് വഖഫ് നിയമത്തിന് കീഴിൽ വരില്ലെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്‌. മുഹമ്മദ് സിദ്ദിഖ് സേട്ട് കോഴിക്കോട് ഫാറൂഖ് കോളേജിന് നല്‍കിയ ഭൂമി ഇഷ്ടദാനമാണോ വഖഫാണോ എന്നതായിരുന്നു തർക്കവിഷയം. തർക്കം ഉയർന്നപ്പോൾതന്നെ സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ടു. വഖഫ്‌ ബോർഡിന്റെ നോട്ടീസ്‌ പ്രകാരം താമസക്കാർ കരമടയ്‌ക്കുന്നത്‌ തടഞ്ഞപ്പോൾ കരമടയ്‌ക്കാൻ പ്രത്യേക അനുമതി നൽകി. മുഖ്യമന്ത്രി ഭൂവുടമകളുമായി നേരിട്ട്‌ സംസാരിച്ചു. മുനന്പം നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്ന ഉറപ്പോടെ തുടർനടപടികളുടെ ഭാഗമായി ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻനായർ കമീഷനെയും നിയോഗിച്ചു.


ഇക്കാര്യത്തിൽ മുനന്പം നിവാസികളെ കബളിപ്പിച്ച യുഡിഎഫ്‌ അവരുടെ രക്ഷകരായി ചമഞ്ഞ്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ ഇറങ്ങി. കേന്ദ്ര വഖഫ്‌ നിയമ ഭേദഗതിയിലൂടെ തർക്കത്തിന്‌ പരിഹാരമാകുമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ബിജെപിയും രംഗത്തെത്തി. മുനമ്പം ഭൂമി വഖഫ് ബോർഡിന്റേതാണെന്ന് പ്രഖ്യാപിച്ചത് ലീഗ്‌ നേതാവ്‌ പാണക്കാട് റഷീദലി തങ്ങൾ ബോർഡ്‌ ചെയർമാനായിരിക്കെയാണെന്ന വിവരം പുറത്തുവന്നത്‌ യുഡിഎഫിന്റെ യഥാർഥമുഖം വെളിപ്പെടുത്തി. നിയമവിരുദ്ധ കരാറുണ്ടാക്കി ഈ ഭൂമി വിൽപ്പന നടത്തിയത് കെപിസിസി സെക്രട്ടറിയായിരുന്ന എം വി പോളാണെന്ന വിവരവും പുറത്തുവന്നു. കരമടയ്‌ക്കാൻ അനുമതി നൽകിയതിനെതിരെ ലീഗ്‌ നേതാവ്‌ കെ പി എ മജീദ്‌ സഭയിൽ സബ്‌മിഷൻ ഉന്നയിച്ചതാണ്‌ നിയമ വ്യവഹാരത്തിനിടയാക്കിയതെന്ന വസ്‌തുതയും യുഡിഎഫിന്റെ ഇരട്ടത്താപ്പ്‌ വെളിപ്പെടുത്തി.


പ്രശ്‌നം വഷളാക്കി ഒരുവിഭാഗത്തെ ഒപ്പംകൂട്ടാനാണ്‌ ബിജെപി ശ്രമിച്ചത്‌. കേന്ദ്ര വഖഫ് നിയമഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ ബിജെപി നേതാക്കള്‍ മുനമ്പത്തേക്ക്‌ ഒഴുകിയെത്തി. സുരേഷ്‌ ഗോപിമുതൽ കിരണ്‍ റിജിജുവരെ കേന്ദ്രമന്ത്രിമാരും സമരപ്പന്തലിലെത്തി. എന്നാൽ, കിരൺ റിജിജു മാധ്യമങ്ങളോട്‌ സംസാരിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ ബിജെപിയുടെ വഞ്ചന വെളിപ്പെടുത്തി. കേന്ദ്ര വഖഫ്‌ നേിയമഭേദഗതിയിലൂടെ മുനന്പം പ്രശ്‌നത്തിന്‌ പരിഹാരമാകില്ലെന്ന്‌ കേന്ദ്രമന്ത്രി തുറന്നുസമ്മതിച്ചു. നിയമഭേദഗതി മുനന്പത്തെ തർക്കപരിഹാരത്തിന്‌ ഉതകില്ലെന്ന്‌ വ്യക്തമാക്കിയ റിജിജു, മുനമ്പത്തുകാര്‍ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന സൂചനയും നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Home