ഭൂനികുതി ; മുനമ്പം നിവാസികളുടെ ഹർജി മാറ്റി

കൊച്ചി
ഭൂനികുതിയും മറ്റു റവന്യു നടപടികളും സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്, വഖഫ് തർക്കം നിലനിൽക്കുന്ന മുനമ്പത്തെ താമസക്കാർ നൽകിയ ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി. ഈ വസ്തുവിലെ താമസക്കാരുടെയടക്കം നികുതി സ്വീകരിക്കാൻ നിർദേശിച്ച് കൊച്ചി തഹസിൽദാർ 2022 ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കേരള വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹർജിക്കൊപ്പമാണ് ഈ ഹർജിയും വ്യാഴാഴ്ച പരിഗണനക്കെത്തിയത്.
ഭുനികുതി കൈപ്പറ്റാൻ തഹസിൽദാർ നിർദേശിച്ചെങ്കിലും ഈ ഭൂമിയുടെ പോക്കുവരവ്, വിൽപ്പന, പണയം തുടങ്ങിയവയ്‌ക്ക് റവന്യു അധികൃതർ അനുമതി നൽകുന്നില്ലെന്ന് പരാതിപ്പെട്ടാണ് ഭൂസംരക്ഷണ സമിതിയും ചില താമസക്കാരും 2023 ൽ ഹർജി നൽകിയത്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണ കമീഷനെ നിയമിച്ചത് ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയിരുന്നു. ഭൂമി വഖഫ് അല്ലെന്നതടക്കമുള്ള നിരീക്ഷണത്തോടെയാണ് കമീഷൻ നിയമനം ശരിവച്ചത്. ഇതിനുപിന്നാലെ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണസമിതി ഹർജിയിലെ എതിർകക്ഷികളായ കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ കഴിഞ്ഞയാഴ്ച ഉപഹർജി നൽകിയിരുന്നു. ഹർജികളിലെ നടപടികൾ പൂർത്തിയായതിനാൽ കേസ് വാദം കേൾക്കാൻ പാകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റവന്യു അധികൃതരുടെ ഹർജി. ജസ്റ്റിസ് സി ജയചന്ദ്രന്റെ പരിഗണനക്കെത്തിയ ഹർജികൾ നവംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റി.









0 comments