സ്കൂളുകളിൽ കുടിവെള്ള പ്ലാന്റുകൾ: ഉദ്ഘാടനം ഇന്ന്

കളമശേരി
സംസ്ഥാനത്തിന് വീണ്ടും മാതൃകയായി കളമശേരി മണ്ഡലം. ശുദ്ധജലം ലഭ്യമാക്കുന്നതിനായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും സ്ഥാപിച്ച റിവേഴ്സ് ഓസ്മോസിസ് (ആർഒ) പ്ലാന്റുകൾ പ്രവർത്തനസജ്ജമായി. തിങ്കൾ രാവിലെ 9.30ന് അയിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി പങ്കെടുക്കും.
കളമശേരി മണ്ഡലത്തിലെ 41 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മൂന്നുകോടി രൂപ ചെലവഴിച്ചാണ് ആർഒ പ്ലാന്റുകൾ സ്ഥാപിച്ചത്. പ്ലാന്റിന് 7.16 ലക്ഷം രൂപവീതം ചെലവഴിച്ചു. 500 ലിറ്റർശേഷിയുള്ള ടാങ്കുകളാണ് ഓരോ സ്കൂളിലും സ്ഥാപിച്ചത്. സിയാൽ പിന്തുണയോടെയാണ് ജലധാര എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നത്. ഏതാനും സ്കൂളുകളിൽ ജലജന്യരോഗങ്ങൾ വന്നതിനെത്തുടർന്നാണ് ശുദ്ധജലം ഉറപ്പാക്കാൻ ഇത്തരമൊരു പദ്ധതി ആലോചിച്ചതെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകൾക്കായി ഒട്ടേറെ പ്രത്യേക പദ്ധതികൾ നടപ്പാക്കി സംസ്ഥാനതലത്തിൽ കളമശേരി മണ്ഡലം ഒന്നാമത് എത്തിയിരുന്നു. എല്ലാ സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണ പരിപാടിയും മാലിന്യമുക്ത ചിത്രകഥാപുസ്തകം നൽകുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. ഇതോടൊപ്പം 30 കോടി രൂപയുടെ സ്കൂൾകെട്ടിടങ്ങൾ, ലാബുകൾ, ഫർണിച്ചറുകൾ, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു.








0 comments