വേർപാടിന് ഒരുവർഷം ; ജ്വലിക്കും ഓർമകളിൽ

കൊച്ചി കപ്പൽശാലയ്ക്കുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, എം എം ലോറൻസ് അനുസ്മരണ പ്രഭാഷണം നടത്തുന്നു
കൊച്ചി
ത്യാഗോജ്വല പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായി ഞായറാഴ്‌ച എം എം ലോറൻസിന് നാട് സ്‌മരണാഞ്‌ജലി അർപ്പിക്കും. സിപിഐ എമ്മിന്റെ സമുന്നതനേതാവും സിഐടിയുവിന്റെ അമരക്കാരനുമായിരുന്ന എം എം ലോറൻസിന്റെ വേർപാടിന് ഞായറാഴ്‌ച ഒരുവർഷം തികയുകയാണ്.
എറണാകുളം ജില്ലയിൽ മുഴുവൻ സിപിഐ എം ബ്രാഞ്ചുകളിലും ലോക്കൽ, ഏരിയ കമ്മിറ്റി ഓഫീസുകളിലും ജില്ലാകമ്മിറ്റി ഓഫീസിലും രാവിലെ പതാക ഉയർത്തും. വൈകിട്ട് അഞ്ചിന് ഏരിയ കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗങ്ങൾ ചേരും.
എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവർ പങ്കെടുക്കും. കളമശേരിയിൽ കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ, തൃക്കാക്കരയിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, വൈപ്പിനിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്-മണി, കൊച്ചിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, കോലഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, തൃപ്പൂണിത്തുറയിൽ സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ എന്നിവർ പങ്കെടുക്കും. മറ്റ് ഏരിയകളിലെ അനുസ്‌മരണ സമ്മേളനങ്ങളിൽ വിവിധ നേതാക്കൾ സംസാരിക്കും.
വർത്തമാനകാല പോർനിലങ്ങളിൽ ആവേശവും കരുത്തുമാകും ലോറൻസിന്റെ ധീരസ്‌മൃതി. തോട്ടിത്തൊഴിലാളികൾക്കും റിക്ഷാതൊഴിലാളികൾക്കും അവകാശബോധം പകരുകയും അവരെ സംഘടിപ്പിക്കുകയും ചെയ്‌തത് ലോറൻസായിരുന്നു. തുറമുഖ, വ്യവസായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ സംഘടിപ്പിച്ചു. ചൂഷണത്തിനെതിരെയും തൊഴിലാളികളുടെ അവകാശങ്ങൾക്കുമായി പൊരുതിയ ലോറൻസ്, നിരവധി യൂണിയനുകളുടെ നേതൃത്വം വഹിച്ചു. മർദനങ്ങളും ജയിൽവാസവും കരളുറപ്പോടെ നേരിടുകയും വീറോടെ നയിക്കുകയും ചെയ്‌തു. സിപിഐ എം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കേന്ദ്രകമ്മിറ്റി അംഗം, സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എൽഡിഎഫ് കൺവീനർ, ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ലോറൻസ്, തൊഴിലാളിവർഗ പ്രസ്ഥാനത്തിനും രാജ്യത്തിനും കേരളീയ സമൂഹത്തിനും നൽകിയത് വിലമതിക്കാനാകാത്ത സംഭാവനകളാണ്.









0 comments