ലുലു ഐടി ടവർ 28ന്‌ നാടിന്‌ സമർപ്പിക്കും ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

lulu IT tower
വെബ് ഡെസ്ക്

Published on Jun 26, 2025, 03:26 AM | 1 min read


കൊച്ചി

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമിച്ച ലുലു ഐടി ഇരട്ട ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ 28ന്‌ പകൽ 11.30ന്‌ നടക്കുന്ന ചടങ്ങിൽ നാടിന്‌ സമർപ്പിക്കും. 12.74 ഏക്കറിൽ 35 ലക്ഷം ചതുരശ്രയടിയിൽ 1500 കോടി ചെലവഴിച്ചാണ്‌ ഇരട്ട ടവറുകൾ പൂർത്തിയാക്കിയതെന്ന്‌ ലുലു ഐടി പാർക്ക്‌ ഡയറക്‌ടറും സിഇഒയുമായ അഭിലാഷ്‌ വലിയവളപ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


152 മീറ്റർ ഉയരമുള്ള ഇരട്ട ടവറുകൾക്ക്‌ 30 വീതം നിലകളുണ്ട്‌. 25 ലക്ഷം ചതുരശ്രയടി ഐടി കമ്പനികൾക്ക്‌ പാട്ടത്തിന്‌ നൽകും. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും. ഡയനാമിറ്റ്‌, ഇ എക്‌സൽ, ഒപിഐ, സീലിയസ് കൺസൽട്ടിങ് എന്നീ കമ്പനികൾക്കായി 2.45 ലക്ഷം ചതുരശ്രയടി പാട്ടത്തിന്‌ നൽകിയതായി അഭിലാഷ്‌ വലിയവളപ്പിൽ പറഞ്ഞു.


3200 കാറുകൾക്ക്‌ ഓട്ടോമേറ്റഡ്‌ റോബോട്ടിക്‌ പാർക്കിങ്ങും 1300 കാറുകൾക്ക്‌ സാധാരണ പാർക്കിങ്ങും ലഭ്യമാണ്‌. ഹെലിപാഡ് സൗകര്യവും ഉണ്ട്‌. നൂറ് ശതമാനം പവർ ബാക്ക് അപ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, 600 പേർക്കിരിക്കാവുന്ന അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് വെഹിക്കിൾ ചാർജിങ്‌ പോയിന്റുകൾ, ഡേറ്റ സെന്റർ, ബാങ്ക്‌, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രഷെ, മഴവെള്ളസംഭരണി, മാലിന്യസംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്. ഉദ്‌ഘാടനച്ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്‌, ഭക്ഷ്യമന്ത്രി ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുക്കും.


ലുലു ഐടി പാർക്‌സ്‌ ഡയറക്ടറും സിഒഒയുമായ അബ്ദുൾ റഹ്മാൻ, ലുലു ​ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം എ നിഷാദ്, ലുലു ​ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ്, ലുലു ഐടി പാർക്‌സ്‌ സിഎഫ്ഒ മൂർത്തി ബു​ഗാട്ട എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home