ലൈഫിനൊപ്പം ‘ദയ’യും; മോഹനനും കുടുംബത്തിനും വീടൊരുങ്ങി

പറവൂർ
ഷീറ്റ് മേഞ്ഞ കുടിലിൽനിന്ന് മാറി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങണമെന്ന വടക്കേക്കര കുഞ്ഞിത്തൈ കണക്കൻപറമ്പിൽ മോഹനന്റെയും കുടുംബത്തിന്റെയും സ്വപ്‌നം സഫലമായി. സർക്കാരിന്റെയും പാലക്കാട് പെരിങ്ങോട്ടുകുറിശി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്‌റ്റിന്റെയും നേതൃത്വത്തിലാണ് വീടൊരുങ്ങുന്നത്.
ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച നാല് ലക്ഷം രൂപയ്ക്കുപുറമെ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ 3.5 ലക്ഷം രൂപകൂടി ചെലവിട്ട് നിർമിച്ച ‘ദയാഭവന'ത്തിന്റെ താക്കോൽ 28ന് പകൽ 10.30ന് കുഞ്ഞിത്തൈ ഈഴവ സമുദായ ആതുരസേവാ സംഘടന ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ കൈമാറും. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച നാല് ലക്ഷം രൂപയുടെ ആദ്യഗഡു 40,000 രൂപ ലഭിച്ചെങ്കിലും വീടുപണി തുടങ്ങാൻ കഴിഞ്ഞില്ല. ഓരുവെള്ളം സ്ഥിരമായി കയറിയിറങ്ങുന്ന സ്ഥലത്ത് വീടിന് തറ നിർമിക്കാൻ മാത്രം ഒരു ലക്ഷത്തിലധികം രൂപ ആവശ്യമായിരുന്നു. താമസിച്ചിരുന്ന ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നതിനാൽ ഷീറ്റു വലിച്ചുകെട്ടി താമസം തുടങ്ങിയിട്ട് വർഷങ്ങളായി.
മോഹനനും ഭാര്യ വാസന്തിയും ജ്യേഷ്ഠന്റെ ഭാര്യ പ്രഭയും ഉൾപ്പെടുന്നതാണ് കുടുംബം. വാസന്തിയുടെ ഒരുവശം തളർന്നസ്ഥിതിയിലാണ്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മോഹനനും അസുഖബാധിതനാണ്. ദുരവസ്ഥയറിഞ്ഞ് ദയ ചാരിറ്റബിൾ ട്രസ്‌റ്റ് പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. ലൈഫ് പദ്ധതി തുകയ്‌ക്കുപുറമെ ആവശ്യമായ തുക നൽകി പണി പൂർത്തിയാക്കാൻ തീരുമാനിച്ചു. ലൈഫ് പദ്ധതിയിലെ ഗഡുക്കൾ പഞ്ചായത്ത് കൃത്യസമയത്ത് കൈമാറി. ജൂൺ ഒന്നിന് കല്ലിട്ട വീടിന്റെ നിർമാണം മൂന്നു മാസംകൊണ്ട് പൂർത്തിയാക്കി. സ്കൈ ലൈഫ് ബിൽഡേഴ്‌സ് ആൻഡ് ഇന്റീരിയേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി നിർമിച്ച 430 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റൗട്ട്, ഹാൾ, രണ്ട് മുറികൾ, അടുക്കള, ശുചിമുറി എന്നിവയുണ്ട്.
ദയയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിക്കുന്ന 24-–ാമത്തെ വീടാണിതെന്ന് ട്രസ്‌റ്റ് ഭാരവാഹികളായ എം ജി ആന്റണി, കെ ആർ മുകുന്ദൻ, കെ പി ഉണ്ണിക്കൃഷ്ണൻ, വി എസ് ജയപ്രകാശ്, എൻ ദേവരാജൻ, അബ്‌ദുൽ സലാം, ലിന്റൻ ദേവസി, വർഗീസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.








0 comments