ഡോ. എം ലീലാവതി പുസ്തക കോർണർ ഉദ്ഘാടനം 22ന്

കളമശേരി
മന്ത്രി പി രാജീവ് മണ്ഡലത്തിലെ ഗ്രന്ഥശാലാ നവീകരണത്തിനായി ആവിഷ്കരിച്ച ‘ഗ്രന്ഥശാലയ്‌ക്ക് ഒപ്പം കളമശേരി' പദ്ധതിയിൽ കുസാറ്റ് ക്യാമ്പസിന് സമീപത്തെ കേസരി സ്മാരക സഹൃദയ ഗ്രന്ഥശാലയിൽ സ്ഥാപിച്ച ഡോ. എം ലീലാവതി പുസ്തക കോർണർ 22ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. അമ്പാട് വിജയകുമാർ അധ്യക്ഷനാകും.
ഡോ. എം ലീലാവതിയുടെ മുഴുവൻ കൃതികളും കോർണറിൽ ലഭ്യമാക്കും. സാഹിത്യ അക്കാദമി അവാർഡ് നേടിയ നിരൂപണ കൃതികൾ, കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ നിരൂപണങ്ങൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളം കൃതികൾ, മലയാളം ക്ലാസിക്കുകൾ, മണ്ഡലത്തിലെ എഴുത്തുകാരുടെ രചനകൾ എന്നിവ ഒരുക്കി കോർണറിനെ റഫറൽ കേന്ദ്രമാക്കും. ഗ്രന്ഥശാലയിലെ ഒന്നാംനിലയിൽ ഇന്റർ ആക്ടീവ് സ്മാർട്ട് ബോർഡ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ചിൽഡ്രൻസ് സ്ക്വയറും ഒരുക്കും.
മണ്ഡലത്തിലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളുടെ പേരിൽ അവരവരുടെ പ്രദേശത്തെ ലൈബ്രറികളിൽ പുസ്തക കോർണർ ഒരുക്കും. കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ സേതു, സുഭാഷ് ചന്ദ്രൻ, ഗ്രേസി എന്നിവരുടെ പേരിലും ഇടപ്പള്ളി ടോൾ എ കെ ജി ഗ്രന്ഥശാലയിൽ പ്രൊഫ. എം തോമസ് മാത്യുവിന്റെ പേരിലുമാണ് കോർണറുകൾ സ്ഥാപിക്കുക. തിരുവനന്തപുരം ആർട്ട്കോ സ്ഥാപനത്തിനാണ് നിർമാണച്ചുമതല. സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് 10 ലൈബ്രറികൾക്കായി ഒരുകോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.








0 comments