മുളന്തുരുത്തി പഞ്ചായത്തിലെ അഴിമതിഭരണം ; എൽഡിഎഫ് ബഹുജനമാർച്ച് 17ന്

മുളന്തുരുത്തി
മുളന്തുരുത്തി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിഭരണത്തിനുമെതിരെ എൽഡിഎഫ് 17ന് പഞ്ചായത്ത് ഓഫീസ് മാർച്ചും കുറ്റപത്രസമർപ്പണവും സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒന്നരപ്പതിറ്റാണ്ടായി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. 2020ൽ അധികാരത്തിൽ എത്തിയ നിലവിലെ ഭരണസമിതി വികസനത്തിന്റെ പേരിൽ നടത്തുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നതിനുപോലും സാധിച്ചിട്ടില്ല. പള്ളിത്താഴം ബസ് സ്റ്റാൻഡ്, തിരു–കൊച്ചി മാർക്കറ്റ് എന്നിവയുടെ ശോച്യാവസ്ഥ എന്നിവ ഉദാഹരണങ്ങളാണ്.
നിയമങ്ങളും ചട്ടങ്ങളും പട്ടികജാതിസംവരണംപോലും അട്ടിമറിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബന്ധുവിന് അനധികൃതനിയമനം നൽകിയെങ്കിലും പരാതിയെ തുടർന്ന് അവരെ ജോലിയിൽനിന്ന് നീക്കം ചെയ്യേണ്ടിവന്നു. തിരു–കൊച്ചി മാർക്കറ്റിലെ താൽക്കാലിക ജീവനക്കാരന്റെ നിയമനം ഉൾപ്പെടെ ഇരുപതോളം താൽക്കാലിക നിയമനങ്ങളാണ് അനധികൃതമായി നടത്തിയത്. പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ പലതും വൻതുക കമീഷൻ കൈപ്പറ്റുക എന്ന ലക്ഷ്യത്തിലാണ്.
2020ലെ പ്രകടനപത്രികയിലെ 27 ഇനങ്ങളിൽ ഒന്നുപോലും നടപ്പാക്കാൻ യുഡിഎഫ് ഭരണസമിതിക്ക് സാധിച്ചിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിൽ ജലജീവൻ മിഷന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല. കാർഷികമേഖല, പെരുമ്പിള്ളി കളിക്കളം, മാലിന്യസംസ്കരണം, ശുചിത്വപരിപാലനം, ലക്ഷംവീട് പദ്ധതിയിലെ ഇരട്ടവീടുകൾ ഒറ്റവീട് ആക്കൽ തുടങ്ങിയവയിലും അവഗണന തുടരുകയാണ്.
17ന് എൽഡിഎഫ് ബഹുജനമാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. 13 ,14 , 15 തീയതികളിൽ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിൽ കാൽനടജാഥ സംഘടിപ്പിക്കും. സിപിഐ എം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ ക്യാപ്റ്റനും ഒ എ മണി വൈസ് ക്യാപ്റ്റനും ജോൺസ് പാർപാട്ടിൽ മാനേജരുമായ ജാഥ മുഴുവൻ വാർഡുകളിലും പര്യടനം നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.









0 comments