വാളകം പഞ്ചായത്ത് ; അഴിമതിക്കെതിരെ ജനകീയ മാർച്ച് നടത്തി എൽഡിഎഫ്

മൂവാറ്റുപുഴ
വാളകം പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും വികസനമുരടിപ്പിനുമെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ജനകീയ മാർച്ചും കുറ്റപത്രസമർപ്പണവും നടത്തി. കുഞ്ഞിക്കാപടിയിൽനിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.
സിപിഐ ലോക്കൽ സെക്രട്ടറി സി ജെ ബാബു അധ്യക്ഷനായി. യുഡിഎഫിന്റെ 2020ലെ പ്രകടനപത്രികയിലും വികസനരേഖയിലും പ്രഖ്യാപിച്ച പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പ്രകടനപത്രികയും വികസനരേഖയും സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു കത്തിച്ചു, സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ എ നവാസ്, സിപിഐ എം ലോക്കൽ സെക്രട്ടറി പി എ രാജു, ബാബു ഐസക്, കെ പി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. കുറ്റപത്രം, പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. പഞ്ചായത്തിൽ എൽഡിഎഫ്, ഇരുചക്ര വാഹനറാലിയോടെ വിളംബരജാഥയും നടത്തിയിരുന്നു.









0 comments