പെരുമ്പാവൂർ നഗരസഭാ ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് ഇന്ന്

പെരുമ്പാവൂർ
നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കൾ രാവിലെ 10ന് മാർച്ചും ധർണയും നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്യും.
താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഭരണസമിതി നടപടിയെടുക്കുന്നില്ല. റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്നു. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും നടപടിയില്ല. യുഡിഎഫ് ഭരണസമിതിയിലെ അധികാരത്തർക്കത്തിൽ മൂന്ന് ചെയർമാൻമാരും മൂന്ന് വൈസ് ചെയർമാൻമാരും അധികാരം കൈമാറിയെങ്കിലും ബജറ്റിൽ അവതരിപ്പിച്ച പദ്ധതികളൊന്നും നടപ്പാക്കിയില്ല. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചേർന്നിട്ട് ഒരുവർഷത്തോളമായി. തെളിയാത്ത ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്താതെ നഗരം ഇരുട്ടിലാക്കി.
സ്വകാര്യ ബസുകൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്നതിനെതിരെയും നടപടിയില്ല. എംപി, എംഎൽഎ ഫണ്ടുകൾ വിനിയോഗിച്ച് വികസനപ്രവർത്തനങ്ങൾ നടത്തുമെന്ന് എല്ലാ വർഷവും ബജറ്റിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും ഒരുരൂപപോലും നഗരസഭയ്ക്ക് നൽകിയിട്ടില്ല. നഗരസഭാ കാര്യാലയത്തിന് പുതിയ സമുച്ചയം നിർമിക്കുമെന്ന വാഗ്ദാനവും പാഴായി.









0 comments