വികസനമുരടിപ്പും അഴിമതിയും ; മഴുവന്നൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബഹുജന പ്രതിഷേധം

കോലഞ്ചേരി
വികസനമുരടിപ്പിലും അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് മഴുവന്നൂർ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ബഹുജനമാർച്ചും ധർണയും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബി ജയൻ അധ്യക്ഷനായി.
ട്വന്റി20 പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം കാർഷിക മേഖല തകർന്നതായി എൽഡിഎഫ് ആരോപിച്ചു. നിലവിലുണ്ടായിരുന്ന കൃഷി 20 ശതമാനമായി കുറഞ്ഞു. തരിശുരഹിത പഞ്ചായത്താക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങി. വഴിവിളക്കുകൾ സ്ഥാപിക്കാൻ വിവിധ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും സമാഹരിച്ച 46 ലക്ഷത്തോളം രൂപ ട്വന്റി-20 ഭാരവാഹികൾ കൈവശപ്പെടുത്തി. പിന്നീട് 26 ലക്ഷം രൂപയുടെ പദ്ധതിയുണ്ടാക്കിയാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്. ഭരണസമിതി യോഗം ക്വാറം തികയാതെ പരിച്ചുവിടുന്നത് പതിവാണ്. സ്ഥിരംസമിതി യോഗങ്ങൾ ചേരാറില്ല. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് 939–-ാംസ്ഥാനമാണുള്ളത്. പഞ്ചായത്തിനെ വികസനരംഗത്ത് പിന്നോട്ടടിക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺ കുമാർ, ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, നേതാക്കളായ വി കെ അജിതൻ, ജബ്ബാർ തച്ചയിൽ, പി വി ഐസക്, വി ജോയിക്കുട്ടി, കെ പി വിനോദ്കുമാർ, കെ കെ ജയേഷ് എന്നിവർ സംസാരിച്ചു.









0 comments