തീരദേശ ഹൈവേ ; ജില്ലയിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിജ്ഞാപനമായി

വൈപ്പിൻ
തീരദേശ ഹൈവേ നിർമാണ പ്രവർത്തനത്തിനു മുന്നോടിയായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി. ജില്ലയിൽ കൊച്ചിൻ കോർപറേഷൻ, ചെല്ലാനം, കുമ്പളങ്ങി, പുതുവൈപ്പ് എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി മൊത്തം 58.4 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റെ സർവേ നേരത്തേ കഴിഞ്ഞിരുന്നു. മൊത്തം 2898 ഇടങ്ങളിൽ 2600 കുടുംബങ്ങളും 170 വ്യാപാരസ്ഥാപനങ്ങളുമാണുള്ളത്.
രണ്ട് റീച്ചുകളിലായി ജില്ലയിൽ 48 കിലോമീറ്ററാണ് ഹൈവേക്ക് വേണ്ടിവരുന്നത്. തെക്കേ ചെല്ലാനംമുതൽ ഫോർട്ട്കൊച്ചിവരെയുള്ള 21.3 കിലോമീറ്ററും തെക്കേ പുതുവൈപ്പ് മുതൽ മുനമ്പംവരെ 26.7 കിലോമീറ്ററും. നിലവിലുള്ള ചെല്ലാനം തീരദേശ റോഡിന്റെ വശങ്ങളിൽനിന്നാണ് ആദ്യ റീച്ചിനായി ഭൂമി ഏറ്റെടുക്കേണ്ടത്. ഇവിടെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. രണ്ടാം റീച്ചിലുള്ള വൈപ്പിൻ മേഖലയിൽ ചെമ്മീൻ പാടങ്ങളായതിനാൽ അധികം വീടുകളും സ്ഥാപനങ്ങളും വരുന്നില്ല. രണ്ടാം റീച്ചിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്. നിലവിലുള്ള തീരദേശ റോഡിനോടുചേർന്നാണ് രണ്ടാം റീച്ചിന്റെ അലൈൻമെന്റ്.
പാരിസ്ഥിതികാനുമതിയും വിദഗ്ധസമിതിയുടെ അനുമതിയും ഇതിനകം ലഭിച്ചു. സാമൂഹ്യ പ്രത്യാഘാത ലഘൂകരണ നടപടികളിലൂടെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
തീരദേശ തുറമുഖങ്ങളും ഫിഷിങ് ഹാർബറുകളും തമ്മിൽ ബന്ധിപ്പിച്ച് മത്സ്യമേഖലയുടെ അടിസ്ഥാനസൗകര്യം വർധിപ്പിച്ച് വികസനം സാധ്യമാക്കുക, ടൂറിസം വികസനം എന്നിവ ലക്ഷ്യമിട്ടാണ് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് കോസ്റ്റൽ ഹൈവേ പ്രോജക്ടിന് സർക്കാർ രൂപംനൽകിയത്. സംസ്ഥാന–ദേശീയ പാതകളിലെ തിരക്ക് കുറയ്‌ക്കാനും ഇത് ഉപകരിക്കും.









0 comments