കുടുംബശ്രീ ജില്ലാ ക്രൈം മാപ്പിങ് കോൺക്ലേവ് ; പങ്കാളിയിൽനിന്നുള്ള അതിക്രമം വർധിക്കുന്നുവെന്ന്‌ സർവേ

kudumbasree crime mapping survey

കുടുംബശ്രീ ജില്ലാ ക്രൈംമാപ്പിങ് കോൺക്ലേവിൽ നടന്ന ചർച്ചയിൽനിന്ന്‌

avatar
എസ്‌ ശ്രീലക്ഷ്‌മി

Published on Feb 22, 2025, 02:59 AM | 1 min read


കൊച്ചി : സ്‌ത്രീകൾക്ക്‌ പങ്കാളിയിൽനിന്നുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി കുടുംബശ്രീ ജില്ലാ ക്രൈം മാപ്പിങ് സർവേ റിപ്പോർട്ട്‌. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു പഞ്ചായത്തുകളിലെ സർവേ അനുസരിച്ചാണിത്‌. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വെള്ളിയാഴ്‌ച അങ്കമാലിയിൽ ചേർന്ന കുടുംബശ്രീ ജില്ലാ ക്രൈം മാപ്പിങ് കോൺക്ലേവിൽ ചർച്ച ചെയ്തു.


ആലങ്ങാട്, കാഞ്ഞൂർ, കുഴുപ്പിള്ളി, ചേന്ദമംഗലം, മുടക്കുഴ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. 18 മുതൽ 78 വയസ്സുവരെയുള്ള 5661 സ്‌ത്രീകൾ ഭാഗമായ സർവേയിൽ 2784 പേരും പങ്കാളിയിൽനിന്ന്‌ വിവിധ രീതിയിൽ അതിക്രമങ്ങൾ നേരിടുന്നവരാണ്‌.


കുടുംബശ്രീയുടെ ജെൻഡർ വികസന വിഭാഗം നടപ്പാക്കുന്ന ക്രൈം മാപ്പിങ്ങിൽ സാമ്പത്തികം, ശാരീരികം, ലൈംഗികം, വാചികം, മാനസിക–-വൈകാരികം എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. സാമ്പത്തിക കാര്യങ്ങളിൽ അതിക്രമം നേരിടുന്ന 593 പേരിൽ 327 പേരും സ്‌ത്രീധനപീഡനമാണ്‌ നേരിടുന്നത്‌.


ശാരീരികാതിക്രമം നേരിടുന്ന 546 പേരിൽ 374 പേരും പങ്കാളി മർദിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. മൂന്നുപേർക്കുനേരെ ആസിഡ്‌ ആക്രമണമുണ്ടായി. 664 പേർ മാനസിക–- വൈകാരിക അതിക്രമങ്ങൾ നേരിടുന്നതായി പറഞ്ഞിട്ടുണ്ട്‌. 1481 പേർ അപരിചിതരിൽനിന്ന്‌ ലൈംഗികാതിക്രമം നേരിട്ടവരാണ്‌. യാത്രകളിലും തിരക്കുള്ളയിടങ്ങളിലും പൊതുയിടത്തുമെല്ലാം ഇത്തരത്തിൽ അതിക്രമമുണ്ടായി. അനാവശ്യമായ "തോണ്ടൽ' സർവേയിൽ സ്‌ത്രീകൾ എടുത്തുപറയുന്നു. വാക്കുകൊണ്ടുള്ള അധിക്ഷേപം ഏറ്റവും കൂടുതൽ ബന്ധുക്കളിൽനിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.


മിണ്ടാതിരുന്നത്‌ ഭയന്നിട്ട്‌

അതിക്രമങ്ങളിൽ പ്രതികരിക്കാതിരുന്ന 1171 പേരിൽ 573 പേർ ഭയംമൂലമാണ്‌ എല്ലാം സഹിച്ചത്‌. 2287 പേർ വിവിധ രീതിയിൽ പ്രതികരിച്ചു. എന്നാൽ, 51 പേർക്ക്‌ തൊഴിൽ ഉപേക്ഷിക്കേണ്ടിവന്നു.


ഓരോ വാർഡിലും കുറഞ്ഞത് 50 പേരെ ഉൾപ്പെടുത്തി ഗൂഗിൾ ഫോം മുഖേനയായിരുന്നു സർവേ. ക്രൈം സ്പോട്ട് മാപ്പിങ്ങും നടത്തി. ജില്ലാതലത്തിൽ അഭിപ്രായങ്ങൾ ക്രോഡീകരിച്ച്‌ തുടർപ്രവർത്തനങ്ങൾ നടപ്പാക്കും. മറ്റു പഞ്ചായത്തുകളിലും ക്രൈം മാപ്പിങ് പൂർത്തിയാക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റജീന പദ്ധതി വിശദീകരിച്ചു. സിഡിഎസ് ചെയർപേഴ്സൺമാർ സർവേ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി മണി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ സി അനുമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home