കുടുംബശ്രീ കെ–ടിക് പദ്ധതി: ആദ്യസംരംഭം തുടങ്ങി

കെ–ടിക് പദ്ധതിയിൽ ആരംഭിച്ച "ട്രൈബ്‌സ് മിസ്‌ട്രി' സംരംഭത്തിന്റെ ആദ്യവിൽപ്പന കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന നിർവഹിക്കുന്നു
എസ് ശ്രീലക്ഷ്‌മി
Published on Oct 15, 2025, 04:08 AM | 1 min read
കൊച്ചി
പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങൾക്ക് ഉപജീവനമാർഗം ഉറപ്പാക്കുന്നതിന് ആരംഭിച്ച കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ (കെ-ടിക്) പദ്ധതിയിൽ ജില്ലയിൽ ആദ്യ സംരംഭത്തിന് തുടക്കം. പിണവൂർക്കുടി സ്വദേശി എം എസ് അമൃതയാണ് കെ ടിക്കിന്റെ കരുത്തിൽ സംരംഭകയായത്. കുട്ടമ്പുഴയിൽ "ട്രൈബ്‌സ് മിസ്‌ട്രി' എന്ന അച്ചാർ യൂണിറ്റാണ് അമൃത ആരംഭിച്ചത്. പിന്തുണയുമായി ഭർത്താവ് ജോയലും ഒപ്പമുണ്ട്.
വനവിഭവങ്ങൾ ഉപയോഗിച്ചുള്ള തനതായ രുചിക്കൂട്ടാണ് "ട്രൈബ്‌സ് മിസ്‌ട്രി' അച്ചാറുകളുടെ പ്രത്യേകത. മൂട്ടിപ്പഴം, ഇഞ്ചിമാങ്ങ, ശതാവരി, മുളംകൂമ്പ് തുടങ്ങിയവയുടെ അച്ചാറുകളാണ് തയ്യാറാക്കുന്നത്. "രണ്ടരവർഷംമുമ്പാണ് സ്വന്തമായി സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അച്ചാർ യൂണിറ്റ് എന്ന ആശയം മനസ്സിലുണ്ടായിരുന്നു. എന്നാൽ, അതിനുള്ള മറ്റുസൗകര്യങ്ങളും സാമ്പത്തികവും കുറവായിരുന്നു. ഞങ്ങളുടെ പ്രദേശത്തെ കുടുംബശ്രീ അനിമേറ്റർ ആണ് കെ–ടിക് പദ്ധതിയെക്കുറിച്ച് പറയുന്നത്. സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകളാണ് കുടുംബശ്രീ നൽകിയത്. മറ്റു സംരംഭകരെ കാണാനും അവരുടെ അനുഭവങ്ങൾ അറിയാനുമായി. സംരംഭത്തെക്കുറിച്ചുള്ള നമ്മുടെ ആശയം മനസ്സിലാക്കി അത് കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകി. ഉൽപ്പന്നം എങ്ങിനെ അവതരിപ്പിക്കണം, പാക്കിങ്, മാർക്കറ്റിങ് തുടങ്ങി സമഗ്രമായ ക്ലാസുകളാണ് കെ–ടിക് നൽകിയത്. കെ–ടിക് പദ്ധതിയിൽനിന്നും കുടുംബശ്രീ ട്രൈബൽ കമ്യൂണിറ്റി എന്റർപ്രൈസ് -ഫണ്ടിൽനിന്നുമായി 1,25,000 രൂപയാണ് സംരംഭം തുടങ്ങാനായി ലഭിച്ചത്. കുറച്ച് സ്വന്തം സമ്പാദ്യത്തിൽനിന്നും. കൂടുതൽപേർക്ക് പദ്ധതിയിൽ സംരംഭകരാകാൻ കഴിയും' – അമൃത പറഞ്ഞു.
മൂട്ടിപ്പഴം അച്ചാർ ആദ്യമുണ്ടാക്കിയ 50 ജാറുകളും വിൽക്കാനായെന്നും അമൃത പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് "ട്രൈബ്‌സ് മിസ്‌ട്രി' കുട്ടമ്പുഴയിൽ ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന ഉദ്‌ഘാടനം ചെയ്തു. പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങളിൽ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരുടെ ആശയങ്ങളും കഴിവുകളും കണ്ടെത്തി പിന്തുണ നൽകാനാണ് കുടുംബശ്രീ കെ–ടിക് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് ടി എം റെജീന പറഞ്ഞു. ഉന്നതികളിൽനിന്ന് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സ്‌ക്രീനിങ്ങിലൂടെ 25 പേരെയാണ് സംരംഭങ്ങൾ തുടങ്ങാനായി തെരഞ്ഞെടുത്തത്. ഗ്രൂപ്പ് ഉൾപ്പെടെ 17 സംരംഭങ്ങളാണ് തുടങ്ങുന്നത്. ഇതിൽ ഏഴെണ്ണം അവസാനഘട്ടത്തിലാണ്.









0 comments