കുടുംബശ്രീ സ്‌നേഹിത–പൊലീസ് സ്‌റ്റേഷൻ എക്‌സ്റ്റൻഷൻ സെന്ററുകൾ ; പിന്തുണയായത് 200 കേസുകളിൽ

എസ് ശ്രീലക്ഷ്‌മി
Published on Jul 08, 2025, 03:45 AM | 1 min read
കൊച്ചി
പ്രവർത്തനം ആരംഭിച്ച് നാലുമാസം പിന്നിടുമ്പോൾ ജില്ലയിലെ ഒമ്പതു കുടുംബശ്രീ സ്‌നേഹിത–പൊലീസ് സ്‌റ്റേഷൻ എക്‌സ്റ്റൻഷൻ സെന്ററുകൾ സേവനങ്ങൾ നൽകിയത് 200 കേസുകളിൽ. വിവിധ അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനായി ആഭ്യന്തരവകുപ്പുമായി ചേർന്ന് ആരംഭിച്ച സ്‌നേഹിത സെന്ററുകൾ നിരവധി പേർക്കാണ് ആശ്വാസമാകുന്നത്.
ജില്ലയിൽ ഒമ്പതിടത്താണ് മാർച്ച് 15ന് കുടുംബശ്രീ–-സ്‌നേഹിത പൊലീസ് സ്‌റ്റേഷൻ എക്‌സ്റ്റൻഷൻ സെന്ററുകൾ തുടങ്ങിയത്. മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ കണക്ക് പരിശോധിക്കുമ്പോൾ മൂവാറ്റുപുഴ ഡിവൈഎസ്‌പി ഓഫീസിലാണ് കൂടുതൽ കേസുകളിൽ സ്നേഹിത പിന്തുണ നൽകിയിട്ടുള്ളത്–- 37 എണ്ണം. മുനമ്പം ഡിവൈഎസ്‌പി ഓഫീസ്–- 35, മട്ടാഞ്ചേരി എസിപി ഓഫീസ് (തോപ്പുംപടി പൊലീസ് സ്‌റ്റേഷൻ)–- 32, പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫീസ്–- 30, എറണാകുളം എസിപി ഓഫീസ്–- 20, ആലുവ പൊലീസ് സ്റ്റേഷൻ–- 17, പെരുമ്പാവൂർ ഡിവൈഎസ്‌പി ഓഫീസ്–- 11, എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷൻ–- 11, തൃക്കാക്കര എസിഎസ് ഓഫീസ്–- ഏഴ് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ആകെ കേസുകളുടെ എണ്ണം.
കുടുംബപ്രശ്‌നങ്ങളാണ് കേസുകളിൽ കൂടുതലും. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, പോക്‌സോ, ഗാർഹികപീഡനം തുടങ്ങിയ കേസുകളും എക്‌സ്റ്റൻഷൻ സെന്ററുകളിൽ എത്തുന്നു. പരാതിക്കാർക്ക് അടിയന്തരസഹായവും മാനസികപിന്തുണയും ഉറപ്പാക്കാൻ സെന്ററുകൾക്ക് കഴിയുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷൻ നിയമിക്കുന്ന കമ്യൂണിറ്റി കൗൺസിലറാണ് എക്‌സ്റ്റൻഷൻ സെന്ററുകളിൽ സഹായത്തിനായുള്ളത്. അതിക്രമങ്ങൾ നേരിടുന്ന സ്‌ത്രീകൾക്ക് നേരിട്ട് കാക്കനാട്ടുള്ള സ്‌നേഹിത ജില്ലാകേന്ദ്രവുമായും ബന്ധപ്പെടാം. ഫോൺ: 85940 34255










0 comments