കുടുംബശ്രീ കൂട്ടായ്‌മയിൽ തണ്ണിമത്തനും വിളയും

എസ് ശ്രീലക്ഷ്‌മി
Published on Jan 22, 2025, 02:03 AM | 1 min read
കൊച്ചി
വേനലിൽ ആശ്വാസമാകാൻ കുടുംബശ്രീയുടെ "വേനൽ മധുരം–-തണ്ണിമത്തൻ കൃഷി ക്യാമ്പയിന്' തുടക്കം. ജില്ലയിൽ 41 ഏക്കറിലാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. 41 സിഡിഎസുകളിലായി 184 പേരടങ്ങുന്ന 53 ജെഎൽജികളുടെ (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകൾ) നേതൃത്വത്തിലാണ് കൃഷി. ജില്ലാ ഉദ്‌ഘാടനം അടുത്തയാഴ്‌ച കവളങ്ങാട് പഞ്ചായത്തിൽ ആന്റണി ജോൺ എംഎൽഎ നിർവഹിക്കും.
കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി പ്രദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതൽ സ്‌ത്രീകൾക്ക് വരുമാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഷുഗർ ക്വീൻ, കിരൺ എന്നീ ഇനങ്ങളാണ് ജില്ലയിൽ കൃഷി ചെയ്യുന്നത്. തണ്ണിമത്തൻ കൃഷിയിൽ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. കുറഞ്ഞത് ഒരു ഏക്കർ എങ്കിലും കൃഷി ചെയ്യുന്ന ജെഎൽജികൾക്ക് 25,000 രൂപ ഇതിനായി നൽകും. കൃഷിയുടെ പുരോഗതി അഗ്രി റിസോഴ്‌സ് പേഴ്‌സൺമാർ വിലയിരുത്തും. ഈ വർഷം തണ്ണിമത്തൻ വിൽപ്പനയ്‌ക്കും കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ പ്രത്യേക സൗകര്യം ഒരുക്കും. കാക്കനാട് ജില്ലാ വിപണനകേന്ദ്രം ആരംഭിക്കും. പ്രാദേശികതലത്തിലും കുടുംബശ്രീ ചന്തകളിലും തണ്ണിമത്തൻ ലഭ്യമാക്കും.









0 comments