4.4 കോടി രൂപയുടെ കരാര്‍ മഹാരാഷ്ട്ര സർക്കാരിൽനിന്ന് കെഎംആർഎൽ നേടി , ഡിപിആർ ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന് കെഎംആർഎൽ എംഡി
കൊച്ചി മാതൃകയിൽ മുംബൈയിൽ ജലമെട്രോ ; ഡിപിആർ കെഎംആർഎൽ തയ്യാറാക്കും

കൊച്ചി
കൊച്ചി മാതൃകയില്‍ മുംബൈയില്‍ ജലമെട്രോ സര്‍വീസ് ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആർ) തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു. 4.4 കോടി രൂപയുടെ കരാര്‍ മഹാരാഷ്ട്ര സർക്കാരിൽനിന്ന് കെഎംആർഎൽ നേടി. ഇതോടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ സുപ്രധാനമായ ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ.
മുംബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വൈതർണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട് റെക്കോഡ് വേഗത്തിൽ കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിപിആര്‍ തയ്യാറാക്കാനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചത്. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ് കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 2026ൽ പദ്ധതി നിർമാണം ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാരിന് കഴിയുംവിധത്തിൽ ഡിപിആർ ഈ വർഷംതന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
250 കിലോമീറ്റര്‍ ജലപാതകളില്‍ 29 ടെര്‍മിനലുകളും 10 റൂട്ടുകളും ഉള്‍പ്പെടുത്തിയാണ് മഹാരാഷ്ട്രയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള പഠനം കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗം നടത്തിയത്. കൊച്ചി മെട്രോയ്ക്ക് അധിക ടിക്കറ്റിതര വരുമാനത്തിനും ഇത് വഴിതുറന്നു. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യതാ പഠനവും കെഎംആര്‍എല്‍ നടത്തുകയാണ്.
പാട്‌ന, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അഹമ്മദാബാദ്, ഗുഹാത്തി എന്നിവടങ്ങളിലെ റിപ്പോര്‍ട്ട് ഈ മസം നല്‍കുമെന്നും കൊച്ചി മെട്രോ വാട്ടർ ട്രാൻസ്പോർട്ട് വിഭാഗം ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദനൻ പറഞ്ഞു.









0 comments