ജലമെട്രോ കുതിക്കുന്നു 50 ലക്ഷം യാത്രക്കാരുമായി

കൊച്ചി
കൊച്ചി ജലമെട്രോയിൽ യാത്രചെയ്‌തവരുടെ എണ്ണം 50 ലക്ഷം കടന്നു. ഓസ്‌ട്രേലിയന്‍–മലയാളി ദമ്പതികളായ നൈനയും അമലും ശനി ഉച്ചയോടെ ഹൈക്കോര്‍ട്ട് ടെര്‍മിനലിലെ കൗണ്ടറില്‍നിന്ന് ഫോര്‍ട്ട്കൊച്ചിക്ക് ടിക്കറ്റെടുത്തതോടെയാണ് യാത്രക്കാരുടെ എണ്ണം അരക്കോടി കടന്നത്. പ്രവര്‍ത്തനം തുടങ്ങി 29 മാസംകൊണ്ടാണ് ചരിത്രനേട്ടം.
സംസ്ഥാന സർക്കാരിന്റെ ജലമെട്രോ 2023 ഏപ്രില്‍ 25ന് ആണ് സര്‍വീസ് തുടങ്ങിയത്. ഹൈക്കോടതി, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 20 ബോട്ടുകളുമായി നിലവിൽ സര്‍വീസുള്ളത്. 24 കിലോമീറ്ററോളമുള്ള അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതല്‍ രാത്രി ഒന്പതുവരെ 125 ട്രിപ്പുകളാണ് ദിവസവുമുള്ളത്. സര്‍വീസ് തുടങ്ങി 107 ദിവസംകൊണ്ട് 10 ലക്ഷം യാത്രക്കാരായി. അടുത്ത 95 ദിവസംകൊണ്ട് എണ്ണം 20 ലക്ഷമാക്കി. പിന്നീടുള്ള 185 ദിവസംകൊണ്ട് 30 ലക്ഷവും തുടർന്നുള്ള 160 ദിവസംകൊണ്ട് 40 ലക്ഷവുമായി. പിന്നാലെ 161 ദിവസംകൊണ്ട് 50 ലക്ഷവും പിന്നിട്ടു. അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിങ്‌ടണ്‍ ഐലൻഡ് ടെര്‍മിനലുകള്‍ ഉടന്‍ സജ്ജമാക്കും. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കും. ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് ചുരുങ്ങിയ കാലയളവിൽ ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂര്‍വമാണെന്ന് കെഎംആർഎൽ അറിയിച്ചു. മികവുറ്റ പദ്ധതിനിര്‍വഹണവും സര്‍വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍കൂടി നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തുപകര്‍ന്നു. വിദേശ രാജ്യങ്ങളില്‍നിന്നുവരെ അന്വേഷണമെത്തി. ലോക ബാങ്കും ജലമെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചു. നിരവധി അവാര്‍ഡുകളും ജലമെട്രോ നേടി.
നൈനയ്‌ക്ക് ജലമെട്രോയുടെ ഉപഹാരം എംഡി ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു. ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദനൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ, ജനറൽ മാനേജർ എ അജിത്ത്, ജോയിന്റ് ജനറൽ മാനേജർ ആർ രഞ്ജിനി, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ കെ കെ ജയകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നിശാന്ത് എന്നിവർ സംസാരിച്ചു.









0 comments