രാജ്യാതിര്‍ത്തി കടന്ന് ജലമെട്രോ പെരുമ

കൊച്ചി
രാജ്യാതിർത്തി കടന്ന് കൊച്ചിയുടെ സ്വന്തം ജലമെട്രോയുടെ പെരുമ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കുപുറമേ വിദേശരാജ്യങ്ങളും കൊച്ചി മെട്രോ മാതൃക നടപ്പാക്കാൻ സഹായം തേടി കെഎംആർഎല്ലിനെ സമീപിച്ചു. മലേഷ്യ, വിയറ്റ്‌നാം രാജ്യങ്ങളാണ് സഹകരണം തേടിയിരിക്കുന്നത്. ഇരുരാജ്യങ്ങളിൽനിന്നും കെഎംആർഎല്ലിന് ക്ഷണം ലഭിച്ചു. സർക്കാർതല തീരുമാനമെടുത്തശേഷമാകും തുടർനടപടി. മലേഷ്യയും വിയറ്റ്‌നാമും സന്ദർശിച്ച് അവിടത്തെ സാഹചര്യം പരിശോധിച്ചശേഷമാകും സാധ്യതപഠനം ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ കഴിയുന്നത്.
മലേഷ്യയിലും വിയറ്റ്‌നാമിലും നിലവിലുള്ള ജലഗതാഗതസംവിധാനം ആധുനീകരിച്ച് "കൊച്ചി ജലമെട്രോ പദ്ധതി' നടപ്പാക്കാനാണ് സഹകരണം തേടിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നേരത്തേ കൊച്ചിയിൽ എത്തിയപ്പോൾ ജലമെട്രോയുടെ പ്രവർത്തനമികവ് അവരെ ആകർഷിച്ചിരുന്നു. തുടർന്നാണ് അവിടെയും ഇത്തരം ജലഗതാഗതം ആരംഭിക്കുന്നതിലേക്ക് ആലോചിച്ചതും ബന്ധപ്പെട്ടതും. കൊച്ചി ജലമെട്രോയുടെ മികവുറ്റ പദ്ധതി നിർവഹണവും സർവീസിലെ മികവുമാണ് വിദേശ രാജ്യങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

ഇന്ത്യയിലെ 21 സ്ഥലങ്ങളില്‍ക്കൂടി കൊച്ചി മെട്രോ മാതൃകയിൽ സർവീസ് ആരംഭിക്കാനുള്ള പ്രാഥമിക നടപടി പുരോഗമിക്കുകയാണ്. നിലവിൽ എറണാകുളം ജില്ലയിൽ 24 കിലോമീറ്ററോളം അഞ്ച് റൂട്ടുകളിലായാണ് സർവീസ് നടത്തുന്നത്. ഹൈക്കോടതി, ഫോര്‍ട്ട്‌കൊച്ചി, വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളിലാണ് 20 ബോട്ടുകളുമായി ജലമെട്രോ സര്‍വീസുള്ളത്. അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിങ്‌ടണ്‍ ഐലൻഡ് ടെര്‍മിനലുകള്‍ ഉടന്‍ സജ്ജമാക്കും. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണിപൂര്‍ത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ ജലമെട്രോ 2023 ഏപ്രില്‍ 25നാണ് സര്‍വീസ് തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി 29 മാസംകൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി ചരിത്രനേട്ടം കുറിക്കാൻ ജലമെട്രോയ്‌ക്കായി.









0 comments