പെരിയാറിൽ ‘പറപ്പിച്ച്‌’ പായും ജലമെട്രോ

അതിവേഗം, അനായാസം എത്താം വിമാനത്താവളത്തിൽ

Kochi Water Metro
വെബ് ഡെസ്ക്

Published on Sep 23, 2025, 04:03 AM | 1 min read


കൊച്ചി

പെരിയാറിലൂടെ പറപ്പിച്ച്‌ പായാൻ ജലമെട്രോ. ആലുവയിൽനിന്ന്‌ കൊച്ചി വിമാനത്താവളം ലക്ഷ്യമിട്ട്‌ ആരംഭിക്കാനൊരുങ്ങുന്ന സർവീസിനായി നീറ്റിലിറക്കുന്നത്‌ നിലവിൽ സർവീസ്‌ നടത്തുന്നതിനേക്കാൾ കൂടുതൽ വേഗമുള്ള ബോട്ടുകൾ. സാധ്യതാപഠനം നടത്തി അടുത്തമാസം റിപ്പോർട്ട്‌സമർപ്പിക്കും. തുടർന്നാകും വിശദ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക്‌ കടക്കുക.


വേഗംകൂടിയ ബോട്ടുകൾ ഉപയോഗിച്ച്‌ വളരെ ചുരുങ്ങിയ ഇടവേളകളിൽ സർവീസ്‌ നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌. പത്ത്‌ മിനിട്ട്‌ വ്യത്യാസത്തിൽ സർവീസ്‌ നടത്താൻ കഴിയുമോയെന്ന്‌ പരിശോധിക്കുകയാണ്‌ കെഎംആർഎൽ. വിമാനത്താവളത്തിലേക്കും തിരിച്ചും എപ്പോഴൊക്കെ യാത്രക്കാരുണ്ടോ അപ്പോഴെല്ലാം സർവീസ്‌ നടത്താനാകുന്ന വിധത്തിലായിരിക്കും ഷെഡ്യൂൾ. ആലുവയിൽനിന്ന്‌ വിമാനത്താവളംവരെ പെരിയാറിലൂടെ എട്ടു കിലോമീറ്ററിലാണ്‌ സർവീസ്‌. ഇതിനിടയിൽ മറ്റു സ്‌റ്റേഷനുകളുടെ ആവശ്യമില്ലെന്നാണ്‌ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.


കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വിമാനത്താവളത്തിലേക്കും ജലമെട്രോ സർവീസ്‌ തുടങ്ങുന്നത്‌. ആദ്യം ഇ‍ൗ റൂട്ട്‌ പരിഗണിച്ചശേഷം മറ്റിടങ്ങളിലേക്കും ആവശ്യകതയും സാധ്യതകളും പരിശോധിച്ചശേഷം സർവീസ്‌ തുടങ്ങാൻ നടപടിയെടുക്കും.


മെട്രോയ്ക്കും വിമാനത്താവളത്തിലേക്കും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും യാത്രാക്ലേശം കുറയ്‌ക്കാനും പെരിയാറിലൂടെയുള്ള സർവീസിന്‌ കഴിയും. പൊതുഗതാഗതരംഗത്ത്‌ ചരിത്രംസൃഷ്ടിച്ച്‌ മുന്നേറുകയാണ്‌ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ആരംഭിച്ച ജലമെട്രോ. 29 മാസംകൊണ്ട് 50 ലക്ഷം യാത്രക്കാരാണ്‌ ജലമെട്രോ ബോട്ടുകളിൽ യാത്ര ചെയ്‌തത്‌. രാജ്യത്തെ 21 സ്ഥലങ്ങളില്‍ക്കൂടി ജലമെട്രോ നടപ്പാക്കാൻ പോകുകയാണ്‌. മട്ടാഞ്ചേരി, വില്ലിങ്‌ഡണ്‍ ഐലൻഡ്‌ ടെര്‍മിനലുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാകും.



deshabhimani section

Related News

View More
0 comments
Sort by

Home