പശ്ചിമകൊച്ചിക്ക് എൽഡിഎഫ് സർക്കാരിന്റെ സമ്മാനം
രണ്ട് ജലമെട്രോ ടെർമിനലുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി
പൈതൃകനഗരമായ പശ്ചിമകൊച്ചിയുടെ വികസനവളർച്ചയ്‌ക്ക് ഗതിവേഗമേറ്റാൻ രണ്ട് ജലമെട്രോ ടെർമിനലുകൾകൂടി യാഥാർഥ്യമായി. മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മട്ടാഞ്ചേരി ടെർമിനലിൽനിന്ന് വില്ലിങ്ടൺ ഐലൻഡിലേക്ക് അദ്ദേഹം ജലമെട്രോയിൽ യാത്രചെയ്തു. വില്ലിങ്ടൺ ഐലൻഡ് ടെർമിനലിലെ സന്ദർശകബുക്കിൽ യാത്രാനുഭവവും ആശംസാക്കുറിപ്പും എഴുതിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
പുതിയ രണ്ട് ടെർമിനലുകൾകൂടി തുറന്നതോടെ ദൈനംദിനയാത്രയ്‌ക്കും വിനോദസഞ്ചാരത്തിനും ഗുണകരമാകുന്ന മൂന്ന് ജലമെട്രോ ടെർമിനലുകളാണ് പശ്ചിമകൊച്ചിയിൽമാത്രം ഉണ്ടാകുക. ഫോർട്ടുകൊച്ചിയിലെ ടെർമിനൽ കഴിഞ്ഞവർഷം തുറന്നിരുന്നു. 38 കോടി ചെലവിട്ടാണ് മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ് ടെർമിനലുകൾ പൂർത്തിയാക്കിയത്. മട്ടാഞ്ചേരിയിൽ ഡച്ച് കൊട്ടാരത്തിനുസമീപവും ഐലൻഡിൽ പഴയ ഫെറി ജെട്ടിക്കുസമീപവുമാണ് ടെർമിനൽ.
ഉദ്ഘാടനസമ്മേളനത്തിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. നിർമാണത്തിന് നേതൃത്വം നൽകിയ എൻജിനീയർമാരെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ്, മേയർ എം അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കൗൺസിലർ ടി പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്ട്) ഡോ. എം പി രാം നവാസ് തുടങ്ങിയവർ സംസാരിച്ചു.









0 comments