സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്‌

വളർച്ചയിൽ കുതിച്ച്‌ ; 
വികസനത്തിൽ തിളങ്ങി

kochi no 1

ചെല്ലാനം തീരത്തെ ടെട്രാപോഡ് (ഫയൽചിത്രം)

avatar
ജെയ്‌സൻ ഫ്രാൻസിസ്‌

Published on Feb 11, 2025, 02:49 AM | 2 min read


കൊച്ചി

വികസനത്തിൽ തിളങ്ങിയും വളർച്ചയിൽ കുതിച്ചും എറണാകുളം ജില്ല. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്‌ വിവിധ മേഖലകളിലെ ജില്ലയുടെ തകർപ്പൻ പ്രകടനം. ആളോഹരിവരുമാനത്തിൽ ഉൾപ്പെടെ സംസ്ഥാനതലത്തിൽ മുന്നിലാണ്‌ ജില്ല. കൊച്ചി മെട്രോ, ജലമെട്രോ, സൂപ്പർ ഫാബ്‌ ലാബ്‌, ചെല്ലാനം ടെട്രാപോഡ്‌ എന്നിവയെല്ലാം സംസ്ഥാനത്തിന്റെ സുസ്ഥിരവളർച്ചയുടെ ഉദാഹരണങ്ങളാണെന്ന്‌ റിപ്പോർട്ടിലുണ്ട്‌.


നമ്പർ വൺ

വിവിധ മേഖലകളിൽ ഒന്നാമതാണ്‌ എറണാകുളം. വ്യവസായവകുപ്പിന്റെ സംരംഭകവർഷം ക്യാമ്പയിനിലൂടെ സംരംഭങ്ങളുടെ എണ്ണത്തിലും സൃഷ്ടിച്ച തൊഴിലവസരങ്ങളിലും നിക്ഷേപത്തിലും മുന്നിൽ. 2024 ഡിസംബർ 17 വരെയുള്ള കണക്കനുസരിച്ച്‌ സംരംഭങ്ങളുടെ എണ്ണം 35,447. സൃഷ്ടിച്ച തൊഴിലവസരം 85,163. നിക്ഷേപം 3155.6 കോടി രൂപ. ഷെഡ്യൂൾഡ്‌ വാണിജ്യബാങ്കുകളുടെ എറ്റവും കൂടുതൽ ശാഖയുള്ളത്‌ ജില്ലയിലാണ്‌–- 1054. 2023–-24ൽ ഏറ്റവും കൂടുതൽ പുതിയ എംഎസ്‌എംഇ ആരംഭിച്ച ജില്ലയും എറണാകുളമാണ്‌–- 10,437 യൂണിറ്റ്‌. 1013.77 കോടി രൂപ നിക്ഷേപമുണ്ടായി. 25,387 തൊഴിലവസരങ്ങളും.


ഏറ്റവും കൂടുതൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുള്ളതും ഇവിടെയാണ്‌–- 26. ഏറ്റവും കൂടുതൽ മത്സ്യോൽപ്പാദനവും ജില്ലയിൽ. ഏറ്റവും കൂടുതൽ ആളുകൾ തൊഴിലെടുക്കുന്ന ജില്ലയും മറ്റൊന്നല്ല. സംഘടിതമേഖലയിൽ 2.7 ലക്ഷംപേർ. ഇത്‌ മൊത്തം തൊഴിലിന്റെ 21.3 ശതമാനമാണ്‌.


ഇഷ്ടം ഏറെ

വിദേശസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ജില്ല എറണാകുളമാണ്‌. 2023ൽ 2.8 ലക്ഷം വിദേശസഞ്ചാരികളെത്തി. ആഭ്യന്തര വിനോദസഞ്ചാരികളും കൂടുതൽ എത്തുന്നത്‌ ഇവിടെത്തന്നെ. ആകെ ആഭ്യന്തരസഞ്ചാരികളിൽ 20.5 ശതമാനംപേരും ജില്ലയിലാണ്‌ എത്തിയത്‌. വിനോദസഞ്ചാരമേഖലയിൽ ഏറ്റവും കൂടുതൽ താമസ സൗകര്യമുള്ളതിൽ രണ്ടാംസ്ഥാനമാണ്‌. 1333 പാർപ്പിട യൂണിറ്റ്‌ ജില്ലയിലുള്ളതായാണ്‌ കണക്ക്‌.


നേട്ടങ്ങൾ ഇനിയുമേറെ

ധാതുക്കളിൽനിന്നുള്ള വരുമാനത്തിൽ മൂന്നാമതാണ്‌ ജില്ല. സാക്ഷരതാനിരക്കിൽ 95.9 ശതമാനത്തോടെ മൂന്നാംസ്ഥാനത്താണ്‌. ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി സ്‌കൂളുള്ള ജില്ലകളിൽ രണ്ടാംസ്ഥാനം. 209 ഹയർ സെക്കൻഡറി സ്‌കൂളുകളാണ്‌ ഇവിടെയുള്ളത്‌. ജലവിതരണവ്യാപ്‌തി 91.81 ശതമാനമാണ്‌.


കരുത്തോടെ

2023–-24ൽ കൊച്ചി തുറമുഖംവഴി കൈകാര്യംചെയ്‌ത ആഭ്യന്തര, വിദേശ ചരക്ക്‌ 363.2 ലക്ഷം മെട്രിക്‌ ടണ്ണാണ്‌. 2022–-23ൽ ഇത്‌ 352.6 ലക്ഷം മെട്രിക്‌ ടണ്ണാണ്‌. മൊത്ത കയറ്റുമതി 83.1 ലക്ഷം മെട്രിക്‌ ടൺ. മുൻവർഷം 73.4 ലക്ഷം മെട്രിക്‌ ടണ്ണാണ്‌. ഇൻഫോപാർക്ക്‌ കയറ്റുമതി വരുമാനം 2023–-24ൽ 11,417 കോടിയായി ഉയർന്നു, 24 ശതമാനം വളർച്ച.



deshabhimani section

Related News

View More
0 comments
Sort by

Home