കാക്കനാട്‌ പാതയിലെ 11.2 കിലോമീറ്ററിൽ 
16 മാസത്തിനകം ട്രാക്ക്‌ സ്ഥാപിക്കും

മെട്രോ രണ്ടാംഘട്ടം ; ഉയർന്നു 65 തൂണ്‌ , 
18 പിയർ ക്യാപും സ്ഥാപിച്ചു

kochi metro second phase

കളമശേരി കാസ്റ്റിങ്‌ യാര്‍ഡിൽ മെട്രോ രണ്ടാംഘട്ടത്തിനായുള്ള വിവിധ ഘടകങ്ങൾ നിർമിക്കുന്നു

വെബ് ഡെസ്ക്

Published on Oct 24, 2025, 03:03 AM | 1 min read


കൊച്ചി

കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെയുള്ള മെട്രോ രണ്ടാംഘട്ട പാത ഒരുക്കാൻ ഇതിനകം സ്ഥാപിച്ചത്‌ 65 തൂണ്‌. വിവിധ തൂണുകളിലിലായി 18 പിയർ ക്യാപുകളും സ്ഥാപിച്ചു. പിയർ ക്യാപ്‌ സ്ഥാപിച്ച ഇടങ്ങളിൽ ഗർഡറുകൾ ഘടിപ്പിക്കാൻ ഒരുങ്ങുകയാണ്‌ കെഎംആർഎൽ.


പാലാരിവട്ടം, ആലിൻചുവട്‌, ചെന്പുമുക്ക്‌, വാഴക്കാല, സെസ്‌, കിൻഫ്രപാർക്ക്‌ എന്നിവിടങ്ങളിലാണ്‌ തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്‌. നിർമാണപ്രവൃത്തികൾക്ക്‌ കെഎംആർഎൽ വേഗം കൂട്ടി. ഇതിനകം 90 യു ഗർഡറും 72 ഐ ഗർഡറും നിർമിച്ചിട്ടുണ്ട്‌. രണ്ടാംഘട്ടത്തിനായി ആകെ വേണ്ടത്‌ 490 യു ഗർഡറും 534 ഐ ഗർഡറുമാണ്‌. 99 പിയർ ക്യാപുകളാണ്‌ നിർമിച്ചിട്ടുള്ളത്‌. 371 എണ്ണമാണ്‌ ആകെവേണ്ടത്‌.


മെട്രോ രണ്ടാംഘട്ടത്തിൽ ആകെയുള്ളത്‌ 469 തൂണുകളാണ്‌. പൈൽ നിർമാണവും വേഗത്തിലാണ്‌. 2019 പൈലുകളിൽ 1135 എണ്ണം പൂർത്തിയായി. 469 പൈൽ ക്യാപുകളാണ്‌ ആവശ്യം. ഇതിൽ 160 എണ്ണം നിർമിച്ചിട്ടുണ്ട്‌. കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിങ്‌ യാര്‍ഡിലാണ്‌ പിയര്‍ ക്യാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടകഭാഗങ്ങളുടെ നിര്‍മാണം. ആലിൻചുവട്‌, വാഴക്കാല, സെസ്‌, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക്‌ സ്‌റ്റേഷനുകളുടെ പൈലിങ്ങും പൂർത്തിയായി. ട്രാക്ക്‌ നിർമാണത്തിനും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്‌.


​കാക്കനാട്ടേക്ക്‌ നിലവിലെ
ട്രാക്കിന്‌ മുകളിലൂടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജെഎൻഎൽ സ്‌റ്റേഡിയത്തിന്റെ ഭാഗത്തുള്ള നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്‌. കാക്കനാട്ടേക്കുള്ള പുതിയ ട്രാക്ക്‌ നിലവിലുള്ളതിന്‌ മുകളിലൂടെയാകും പോകുക. സെന്റ്‌ മാർട്ടിൻ പള്ളിക്ക്‌ സമീപമാണ്‌ ക്രോസ്‌ ചെയ്‌ത്‌ കാക്കനാട്ടേക്ക്‌ പോകുക. മെട്രോ റൂട്ടിൽ ആദ്യമായാണ്‌ ഇത്തരം ക്രോസിങ്‌. കാക്കനാടുനിന്ന്‌ തിരികെയുള്ള ട്രാക്ക്‌ നിലവിലുള്ളതിന്‌ സമാന്തരമായി സ്‌റ്റേഡിയം സ്‌റ്റേഷനിൽ വന്നുചേരും.


16 മാസത്തിനകം 11.2 കിലോമീറ്റർ പാതയിൽ ട്രാക്ക്‌ സ്ഥാപിക്കുകയാണ്‌ ലക്ഷ്യം. 127.91 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. വയഡക്ട്‌ നിർമാണം പൂർത്തിയാകുന്നമുറയ്ക്ക്‌ ട്രാക്ക്‌ സജ്ജമാക്കും. മെട്രോ രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ച്‌ സ്‌റ്റേഷനുകൾ അടുത്ത ജൂണിൽ യാഥാർഥ്യമാകും. ശേഷിക്കുന്ന അഞ്ചെണ്ണം ഡിസംബറിൽ പൂർത്തിയാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home