ഇത് സ്‌ത്രീകളുടെ ‘സ്വന്തം’ കൊച്ചി മെട്രോ ഇലക്‌ട്രിക് ബസ്

കൊച്ചി
സ്‌ത്രീകളുടെ ‘സ്വന്തം’ ബസ് സർവീസായി എംജി റോഡ്-–ഹൈക്കോടതി റൂട്ടിലെ മെട്രോ സർക്കുലർ ഇലക്‌ട്രിക് ബസ്. ഇതില്‍ പതിവായി യാത്ര ചെയ്യുന്നവരില്‍ 51 ശതമാനവും സ്ത്രീകളാണ്. ശരാശരി പ്രായം 37. കോഴിക്കോട് എന്‍ഐടി വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
യാത്രക്കാരില്‍ 49 ശതമാനമാണ് പുരുഷന്മാര്‍. 25നും 47നും ഇടയില്‍ പ്രായമുള്ള ജോലിക്കാരാണ് യാത്രക്കാരിൽ കൂടുതലും. തൊട്ടടുത്ത് വിദ്യാര്‍ഥികളാണ്. ബിസിനസുകാര്‍, വീട്ടമ്മമാര്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവരാണ് തൊട്ടടുത്ത വിഭാഗങ്ങളിലുള്ളത്. യാത്രക്കാരില്‍ 45.1 ശതമാനവും സ്ഥിരം യാത്രക്കാരാണെന്നതും സര്‍ക്കുലര്‍ സര്‍വീസിന്റെ ജനകീയത വിളിച്ചോതുന്നു. 12.6 ശതമാനം ആളുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫീഡര്‍ ബസില്‍ യാത്രചെയ്യുന്നു. 17.5 ശതമാനം യാത്രക്കാര്‍ വല്ലപ്പോഴും ഇതില്‍ യാത്രചെയ്യുന്നവരാണ്. സര്‍വേ നടത്തുന്ന സമയം ആദ്യമായി യാത്രചെയ്യുന്ന 15.4 ശതമാനം ആളുകളെ കണ്ടെത്തി. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി യാത്രചെയ്യാമെന്നതാണ് സര്‍വീസുകളുടെ പ്രത്യേകത. പൂര്‍ണമായും ശീതീകരിച്ച ഇ–ബസ് വാട്ടര്‍ മെട്രോ, മെട്രോ റെയില്‍, റെയില്‍വേ സ്റ്റേഷന്‍, പ്രധാന ഷോപ്പിങ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നു. 20 രൂപയ്ക്ക് ഈ റൂട്ടില്‍ എവിടേക്കും യാത്ര ചെയ്യാം.
ദേശീയ ശരാശരിയേക്കാൾ മുന്നിൽ
ദേശീയതലത്തിൽ ഇത്തരം സര്‍വീസുകളിലെ സ്ത്രീ യാത്രക്കാർ ശരാശരി 20 മുതല്‍ 30 ശതമാനംവരെ മാത്രമാണ്. അതിനെക്കാൾ മുന്നിലാണ് കൊച്ചി. ഇന്ത്യന്‍ നഗരങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള പലവിധ കാരണങ്ങളാല്‍ സ്ത്രീകള്‍ യാത്രയ്ക്ക് ബസിനെ ആശ്രയിക്കുന്നത് കുറവാണ്. സ്വകാര്യ വാഹന ഉപയോഗം കുറയുന്നതിനാൽ നഗരത്തില്‍ കാര്‍ബണ്‍ ബഹിർഗമനം കുറയുന്നു. മറ്റ, ഇന്ത്യന്‍ നഗരങ്ങളിലെ ബസ് സര്‍വീസുകളില്‍ സ്ഥിരംയാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്. ഇവിടെയാകട്ടെ പകുതിയിലേറെയും സ്ഥിരം യാത്രക്കാർ.
ഇതുവരെ യാത്രചെയ്‌തത് 1.34 ലക്ഷംപേര്‍
മാര്‍ച്ചില്‍ ആരംഭിച്ച എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ പ്രതിദിനം ശരാശരി 818 പേര്‍ യാത്ര ചെയ്യുന്നു. സര്‍വീസ് തുടങ്ങി ഇതേവരെ 1,34,317 പേര്‍ യാത്ര ചെയ്തു. ആലുവ-–എയര്‍പോര്‍ട്ട്, കളമശേരി– -മെഡിക്കല്‍ കോളേജ്, കാക്കനാട്–ഇന്‍ഫോപാര്‍ക്ക്, ഹൈക്കോടതി -– എംജി റോഡ് റൂട്ടുകളിലായി ഇപ്പോള്‍ പ്രതിദിനം ശരാശരി 4600 ലേറെപ്പേരാണ് യാത്ര ചെയ്യുന്നത്. അടുത്തിടെ എറണാകുളം സൗത്ത് വരെയുള്ള സര്‍ക്കുലര്‍ സര്‍വീസ് കൊച്ചി കപ്പൽശാല വഴി നേവല്‍ ബേസിലേക്ക് നീട്ടി.









0 comments