മെട്രോ ഇൻഫോപാർക്കിലേക്ക്; ആദ്യ പിയര്‍ ക്യാപ് സ്ഥാപിച്ചു

കൊച്ചി
ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം. തൂണുകൾക്ക് മുകളിൽ പിയർ ക്യാപ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. ആദ്യ പിയർ ക്യാപ് ഇന്‍ഫോപാര്‍ക്ക് എക്‌സ്‌പ്രസ് വേ പാതയിലുള്ള 281–ാം നമ്പര്‍ തൂണിൽ സ്ഥാപിച്ചു.
ബുധൻ രാത്രിയോടെയാണ് തൂണിൽ പിയര്‍ ക്യാപ് സ്ഥാപിക്കൽ തുടങ്ങിയത്. 80 ടണ്‍ ഭാരമുള്ള പിയര്‍ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളില്‍ ഉറപ്പിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 284 വരെയുള്ള തൂണുകളിലും പിയര്‍ ക്യാപ് സ്ഥാപിക്കും. രാത്രി ഈ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിച്ചാണ് പ്രവൃത്തി നടത്തുന്നത്.
കളമശേരിയിലെ കാസ്റ്റിങ് യാര്‍ഡിലാണ് പിയർ ക്യാപ് നിർമാണം. അതിവേഗം പുരോഗമിക്കുകയാണ് രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ. സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 22 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മെട്രോപാതയ്ക്കുള്ള 670 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 228 പൈലുകളും ഉള്‍പ്പെടെ മൊത്തം 898 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. കാസ്റ്റിങ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും പുരോഗമിക്കും. 64 യു ഗര്‍ഡറുകളുടെയും 30 ഐ ഗര്‍ഡറുകളുടെയും 56 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയാക്കി.
നിർമാണം നടത്തുന്നതിനൊപ്പം ട്രാക്ക് നിർമാണത്തിനും ടെൻഡർ ക്ഷണിച്ചു. പദ്ധതിയിലെ പ്രധാന ചുവടുവയ്‌പാണിത്. 16 മാസത്തിനകം 11.2 കിലോമീറ്റർ പാതയിൽ ട്രാക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം. 127.91 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വയഡക്ട് നിർമാണം പൂർത്തിയാകുന്നമുറയ്ക്ക് ട്രാക്ക് സജ്ജമാക്കും. ഇൻഫോപാർക്ക് ഉൾപ്പെടെ ഭാഗത്ത് തൂണുകളുടെ നിർമാണം ഉൾപ്പെടെ പുരോഗമിക്കുകയാണ്. ഇവിടെനിന്നാകും ആദ്യം ട്രാക്ക് ഒരുക്കുക. ട്രാക്കിന്റെ രൂപകൽപ്പന, വയഡക്ടിനുമേൽ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് ടെൻഡർ വിളിച്ചത്. പ്രതികൂല കാലാവസ്ഥയടക്കമുള്ള കാരണങ്ങളാൽ നിർമാണ ജോലികളിൽ 100 ദിവസം കാലതാമസമുണ്ടായിട്ടുണ്ട്. ജോലികൾ വേഗത്തിലാക്കി ഇത് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎംആർഎൽ. സ്‌റ്റേഡിയം ഉൾപ്പെടെ 11 സ്‌റ്റേഷനുകളാണുള്ളത്.
ആലുവയില്‍നിന്ന് വിമാനത്താവളം വഴി ആങ്കമാലിയിലേക്ക് കൊച്ചി മെട്രോ വ്യാപിപ്പിക്കുന്ന മൂന്നാംഘട്ട മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആർ) പഠനവും ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.









0 comments