മെട്രോ നിർമാണം ടോപ്‌ഗിയറിൽ
അടുത്തയാഴ്‌ച ഗർഡറുകൾ സ്ഥാപിക്കും

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി കാക്കനാട് ഇൻഫോപാർക്കിന് സമീപം പില്ലറുകളിൽ പിയർ ക്യാപ് ഘടിപ്പിച്ചപ്പോൾ
കൊച്ചി
കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്ക്‌വരെയുള്ള മെട്രോ രണ്ടാംഘട്ട പാതയുടെ നിർമാണം ദ്രുതഗതിയിൽ. കാലാവസ്ഥ അനുകൂലമായതോടെ കെഎംആർഎൽ നിർമാണവേഗം കൂട്ടി. പ്രതികൂല കാലാവസ്ഥമൂലമുണ്ടായ തൊഴിൽദിന നഷ്ടംകൂടി പരിഹരിക്കലാണ് ലക്ഷ്യം.
അടുത്തയാഴ്‌ച ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയിലേക്ക് കടക്കും. പിയർ ക്യാപ് സ്ഥാപിച്ച ഇടങ്ങളിലാണ് ഗർഡറുകൾ ഘടിപ്പിക്കുക. ഇതോടെ പദ്ധതിയുടെ മറ്റൊരു സുപ്രധാന ഘട്ടമാണ് പിന്നിടുക. 490 യു ഗർഡറുകളും 534 ഐ ഗർഡറുകളുമാണ് ആകെയുള്ളത്. ഇതിൽ 78 യു ഗർഡറുകളും 59 ഐ ഗർഡറുകളും യാർഡിൽ നിർമിച്ചുകഴിഞ്ഞു. ബാക്കിയുള്ളവയുടെ നിർമാണവും പുരോഗമിക്കുന്നു.
പൈൽ, പൈൽക്യാപ്, തൂണുകൾ, പിയർക്യാപ് എന്നിവയുടെ നിർമാണവും സ്ഥാപിക്കലും അതിവേഗത്തിലാണ്. സ്‌റ്റേഷനുകളുടെ നിർമാണജോലിയും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിർമാണം പൂർത്തിയാക്കിയ തൂണുകൾക്കുമുകളിൽ പിയർ ക്യാപുകൾ സ്ഥാപിക്കുന്ന നിർണായകഘട്ടത്തിലേക്ക് കടന്നു. ആറ് പിയർ ക്യാപുകൾ സ്ഥാപിച്ചു. ഇന്‍ഫോപാര്‍ക്ക് എക്‌സ്‌പ്രസ് വേയിലെ തൂണുകളിലാണ് പിയർ ക്യാപ് ഘടിപ്പിച്ചത്. 371 പിയർ ക്യാപുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. 68 എണ്ണം നിർമിച്ചുകഴിഞ്ഞു.
ആകെയുള്ള 469ൽ 38 തൂണുകൾ പൂർത്തിയായി. പൈൽ നിർമാണവും വേഗത്തിലാണ്. 2019 പൈലുകളിൽ 1004 എണ്ണം പൂർത്തിയായി. 110 പൈൽ ക്യാപ്, 78 യു ഗർഡർ, 59 ഐ ഗർഡർ എന്നിവയും നിർമിച്ചു. കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിങ് യാര്‍ഡിലാണ് പിയര്‍ ക്യാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടകഭാഗങ്ങളുടെ നിര്‍മാണം. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക് സ്‌റ്റേഷനുകളുടെ പൈലിങ് എന്നിവയും പൂർത്തിയായി.
ട്രാക്ക് നിർമാണത്തിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 16 മാസത്തിനകം 11.2 കിലോമീറ്റർ പാതയിൽ ട്രാക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം. 127.91 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വയഡക്ട് നിർമാണം പൂർത്തിയാകുന്നമുറയ്ക്ക് ട്രാക്ക് സജ്ജമാക്കും. മെട്രോ രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ച് സ്‌റ്റേഷനുകൾ അടുത്തവർഷം ജൂണിൽ യാഥാർഥ്യമാകും. ശേഷിക്കുന്ന അഞ്ചെണ്ണം ഡിസംബറിൽ പൂർത്തിയാക്കും.









0 comments