കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം പൂർണസജ്ജം

ആർ ഹേമലത
Published on Jun 19, 2025, 03:23 AM | 1 min read
കൊച്ചി
കൊച്ചിൻ ക്യാൻസർ റിസേർച്ച് സെന്റർ (സിസിആർസി) കെട്ടിടം ഉദ്‌ഘാടനത്തിന് പൂർണ സജ്ജം. നിർമാണ കമ്പനിയായ ഇൻകെൽ 30ന് കെട്ടിടം സർക്കാരിന് കൈമാറും. നിയമപരമായ എല്ലാ ജോലികളും പൂർത്തിയാക്കിയാണ് ഇൻകെൽ കെട്ടിടം കൈമാറുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ആൻഡ് കെഎസ്ഇബി അനുമതി ഉത്തരവ് ലഭിച്ചതിന് ശേഷം കെട്ടിടത്തിൽ വൈദ്യുതി ചാർജ് ചെയ്തു. അഗ്നി സുരക്ഷ പരിശോധന പൂർത്തിയാക്കി എൻഒസി ലഭ്യമായി. ലിഫ്റ്റുകൾ പരിശോധിച്ച് പ്രവർത്തന ലൈസൻസ് നേടി. മലിനീകരണ നിയന്ത്രണത്തിനായുള്ള പരിശോധനകളും പൂർത്തിയാക്കി സമ്മതപത്രവും മുനിസിപ്പാലിറ്റി കെട്ടിട നമ്പറും ലഭിച്ചു.
കിഫ്‌ബി ഫണ്ടിൽനിന്ന് 384 കോടി ചെലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലാണ് കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്. 6,32,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ 9 നിലകളിലായി 368 കിടക്കകളൊരുക്കും. 10 ഓപ്പറേഷൻ തിയറ്ററുകളും 16 ലിഫ്‌റ്റുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ 550 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലവും ഉണ്ട്.
ആദ്യ ഘട്ടത്തിൽ ബ്ലോക്ക് എയിൽ (ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, മൂന്നാം ഫ്ലോർ) പൂർണമായും പ്രവർത്തനക്ഷമാക്കി ആശുപത്രി പ്രവർത്തിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 100 കിടക്കകൾ, ഒരു ഓപ്പറേഷൻ തിയേറ്റർ, ഒരു എംആർഐ സ്കാനർ, സിസിഎസ്‌ഡി (സെൻട്രൽ സ്‌റ്റൈറൈൽ സർവ്വീസ് ഡിപ്പാർട്ട്‌മെന്റ്), ഡിജിറ്റൽ റേഡിയോഗ്രാഫി, ഒരു പാത്തോളജി ലബോറട്ടറി, ഒരു ബയോകെമിസ്ട്രി ലബോറട്ടറി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് എല്ലാ ഡയഗ്നോസ്റ്റിക്, സർജിക്കൽ, ട്രീറ്റ്മെന്റ് യൂണിറ്റുകളും പൂർണമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കി ജീവനക്കാർക്ക് പരിശീലനം നൽകിയാണ് മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചത്. 300 കിലോ ലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റും ഒമ്പത് ലക്ഷം ലിറ്റർ കുടിവെള്ള ടാങ്കും സജ്ജമാക്കി.









0 comments