നാലുവർഷത്തെ കാത്തിരിപ്പ് ; കിഴക്കമ്പലം സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ പ്രവേശിച്ചു

കിഴക്കമ്പലം
നാലുവർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ പ്രവേശിച്ചു. തിങ്കൾ രാവിലെ സിപിഐ എം കിഴക്കമ്പലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്തിയതോടെ ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ചു.
ഇതോടെ കിഴക്കമ്പലം ജങ്‌ഷനിൽ നാളുകളായി തുടരുന്ന ഗതാഗതക്കുരുക്കിനും നൂറുകണക്കിന് യാത്രക്കാരുടെ ദുരിതത്തിനും പരിഹാരമായി. 2018ൽ പുനർനിർമാണത്തിനായി പൊളിച്ച സ്റ്റാൻഡ് 2021ൽ നിർമാണം പൂർത്തിയാക്കിയെങ്കിലും ട്വന്റി 20 നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി തടസ്സവാദങ്ങൾ ഉന്നയിച്ച് തുറന്നുകൊടുക്കാൻ തയ്യാറായില്ല. ഇതോടെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി ഇവിടം മാറി. ആധുനിക രീതിയിൽ പൂർത്തിയാക്കിയ സ്റ്റാൻഡിൽ ബസ് കയറാതായതോടെ യാത്രക്കാർക്ക് മഴയത്തും വെയിലത്തും സമീപത്തെ കടവരാന്തകളായിരുന്നു അഭയം. കിഴക്കമ്പലം അന്ന ജങ്‌ഷൻ ഭാഗത്തുനിന്ന് വരുന്ന ഓട സ്റ്റാൻഡിനുസമീപംവരെയാണുള്ളത്. ഇതോടെ മഴ കനക്കുമ്പോൾ ഓട നിറഞ്ഞ് അഴുക്കുവെള്ളം റോഡിൽ കയറുന്നതും പതിവായി. നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയായില്ല. വൃത്തിഹീനമായി കിടന്ന സ്റ്റാൻഡും പരിസരവും രാവിലെ ശുചീകരിച്ചശേഷമാണ് ജനകീയ ഉദ്‌ഘാടനം നടത്തിയത്.
പഞ്ചായത്തിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നുമെത്തിയ യാത്രക്കാർ സ്റ്റാൻഡിൽ കാത്തുനിന്നതോടെ ഇതുവഴി പോകുന്ന മുഴുവൻ ബസുകളും എത്തി. ബസ് സ്റ്റാൻഡിന് ഒരുവശത്തുമാത്രമായിരുന്നു കാത്തിരിപ്പുകേന്ദ്രമുണ്ടായിരുന്നത്. മറുവശത്തുകൂടി സിപിഐ എം നേതൃത്വത്തിൽ കാത്തിരിപ്പുകേന്ദ്രം തയ്യാറാക്കിയതോടെ പൊതുജനങ്ങൾക്ക് വെയിലും മഴയുമേൽക്കാതെ ബസ് കയറാൻ സൗകര്യമായി. പള്ളിക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സെന്റ് ആന്റണീസ് സ്കൂൾ ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് സ്റ്റാൻഡിലെത്തി കിഴക്കമ്പലം ജങ്‌ഷൻവഴി ആലുവയിലേക്ക് പോകും.
ആലുവയിൽനിന്ന് വരുന്ന വാഹനങ്ങൾ കിഴക്കമ്പലം ജങ്‌ഷനിൽ തിരിഞ്ഞ് സ്റ്റാൻഡിലെത്തി തിരിച്ച് വീണ്ടും ജങ്‌ഷനിലെത്തി തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകും. പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം ഭാഗത്തുനിന്ന് വരുന്ന ബസുകളും സ്റ്റാൻഡിൽ കയറിയിറങ്ങി പോകും.
ലോക്കൽ സെക്രട്ടറി വി ജെ വർഗീസ്, ഏരിയ കമ്മിറ്റി അംഗം ജിൻസ് ടി മുസ്തഫ, എം കെ അനിൽകുമാർ, ടി വൈ ജോസ്, ബിജു കെ മാത്യു, പി രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണവും ഉദ്‌ഘാടനവും.









0 comments