ജനാധിപത്യം അട്ടിമറിക്കപ്പെട്ട കിഴക്കമ്പലം

നിർമാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്ത കിഴക്കമ്പലം ബസ് സ്റ്റാൻഡ്
എൻ കെ ജിബി
Published on Oct 10, 2025, 03:43 AM | 1 min read
കോലഞ്ചേരി
ജനാധിപത്യം അട്ടിമറിക്കപ്പെട്ട കിഴക്കമ്പലം പഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുകയാണ്. പത്തു വര്‍ഷമായി ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളും അധികാരഗര്‍വും എല്ലാ മേഖലയിലും വികസനമുരടിപ്പിലേക്ക് നയിക്കുന്നു.
പദ്ധതിവിഹിതം 50 ശതമാനം മാത്രം ചെലവഴിക്കുന്ന പഞ്ചായത്തിൽ, രാഷ്ട്രീയവൈരംമൂലം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. കിഫ്ബി, പൊതുമരാമത്ത് റോഡുകളൊഴിച്ചുള്ളവയെല്ലാം തകർന്നു. ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ എംഎല്‍എ അനുവദിച്ച ഫണ്ട് ചെലവഴിക്കാൻ ഭരണസമിതി തയ്യാറാകുന്നില്ല. വിവിധ പ്രദേശങ്ങളിലേക്ക് അനുവദിച്ച ഹൈമാസ്‌റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും അനുമതിയില്ല. കര്‍ഷകദിനം ഉള്‍പ്പെടെയുള്ള പെതുപരിപാടികളില്‍ എംഎല്‍എ പങ്കെടുക്കുന്നതിനാൽ ഭരണസമിതി അംഗങ്ങള്‍ ബഹിഷ്‌കരിക്കുന്നത് പതിവായി. എടത്തിക്കാട്, മാളിയേക്കമോളം കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചു. ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം.
തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യവ്യക്തികളില്‍നിന്ന് 80 ലക്ഷത്തോളം രൂപ പിരിച്ചെടുത്തിട്ടും വെളിച്ചമെത്തിയില്ല. അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും നിയമനം നടത്താന്‍ തയ്യാറായില്ല. ഭൂരിഭാഗം ഇടങ്ങളിലും താല്‍ക്കാലിക ജീവനക്കാര്‍. ആറ് അങ്കണവാടികള്‍ ഇപ്പോഴും വാടകക്കെട്ടിടത്തിലാണ്. പട്ടികജാതി ഫണ്ട് ചെലവഴിക്കുന്നത് പത്ത് ശതമാനമായി. വിളങ്ങാട്ടുചിറയ്‌ക്ക് സമീപമുള്ള പട്ടികജാതി തൊഴില്‍ പരിശീലനകേന്ദ്രം അടച്ചുപൂട്ടി സ്വകാര്യ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിക്കുകയാണ്.
പഞ്ചായത്തിന്റെ സ്വന്തം കരാറുകാരന്‍ നിര്‍മിച്ച റോഡുകള്‍ പലതും കാലാവധിക്കുമുമ്പേ തകര്‍ന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയും പതിവായി. ഗ്രാമസഭാ യോഗങ്ങളിൽ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു.
കാര്‍ഷിക ഉല്‍പ്പാദന മേഖലയ്‌ക്ക് നീക്കിവയ്‌ക്കുന്ന തുകയില്‍ ചെലവിടുന്നത് 40 ശതമാനം മാത്രം.
600 ഏക്കറിലധികം ഉണ്ടായിരുന്ന നെല്‍ക്കൃഷി 60 ഏക്കറായി ചുരുങ്ങി.
നിര്‍മാണം പൂര്‍ത്തിയായി നാല് വര്‍ഷമായിട്ടും സ്വകാര്യ ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തില്ല.
യഥേഷ്ടം ഫണ്ട് ഉണ്ടായിട്ടും ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചു. കിഴക്കമ്പലം ടൗണിലെ ഗതാഗതകുരുക്കിനും പരിഹാരമില്ല. സ്ഥലമുണ്ടായിട്ടും പൊതുശ്മശാനം നിര്‍മിക്കാന്‍ നടപടിയില്ല.









0 comments