കിഴക്കമ്പലം ബസ്‌സ്റ്റാൻഡ് നിർമാണം ; ട്വന്റി 20 ഭരണസമിതിക്കെതിരെ അന്വേഷണം ആവശ്യപ്പെടും

പെരുമ്പാവൂർ
കിഴക്കമ്പലം പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് നിർമാണത്തിൽ പഞ്ചായത്തിന് നഷ്ടംവരുത്തിയ ട്വന്റി 20 ഭരണസമിതിക്കെതിരെ അന്വേഷണം ആവശ്യപ്പെടാൻ കുന്നത്തുനാട് താലൂക്ക് സഭ യോഗം തീരുമാനിച്ചു. കരാറുകാരന് 14 തവണ കരാർ പുതുക്കിനൽകിയതിൽ പഞ്ചായത്തിന് 6.40 ലക്ഷം രൂപ നഷ്ടമുണ്ടായിരുന്നു. തുക കരാറുകാരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെയും എൻജിനിയറുടെയും റിപ്പോർട്ട് നൽകിയത് ഭരണസമിതി തള്ളി. ഇതുമൂലം പഞ്ചായത്തിന് നഷ്ടമുണ്ടായത് അന്വേഷണം നടത്തി നടപടിയെടുക്കാൻ കലക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നിവരോട് ആവശ്യപ്പെടാനാണ് താലുക്ക് സഭ തീരുമാനിച്ചത്. കുന്നത്തുനാട് താലൂക്കിൽ വെള്ളിയാഴ്ച 32 പട്ടയങ്ങൾ നൽകിയ തഹസിൽദാർ എം മായയെ അഭിനന്ദിച്ചു. അതിദാരിദ്ര വിഭാഗത്തിൽ 10 പേർക്കും മറ്റുള്ളവരിൽനിന്ന് 22 പേർക്കുമാണ് പട്ടയങ്ങൾ നൽകിയത്.
സിവിൽസ്റ്റേഷനുമുന്നിലും ഗവ.ആശുപത്രിക്കുമുന്നിലും ഗതാഗതതടസ്സമായുള്ള പഴയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുനീക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടു.
എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീം, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി അവറാച്ചൻ, മായ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.









0 comments