പരിശോധന: 984 വാഹനങ്ങൾക്കെതിരെ നടപടി

kerala mvd
വെബ് ഡെസ്ക്

Published on Nov 26, 2025, 02:41 AM | 1 min read


കൊച്ചി

മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 984 വാഹനങ്ങൾക്കെതിരെ നടപടി. മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ എൻഫോഴ്സ്മെന്റ്‌ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒക്ടോബർ 25 മുതൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.


കൊച്ചി നഗരത്തിൽ ഏഴു റൂട്ടുകളിലായി 14 സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത് വാഹനം കസ്റ്റഡിയിൽ എടുത്തു. വടുതലയിൽ ഓടുന്ന ബസിൽനിന്ന്‌ വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കി. മറ്റുജില്ലകളിലെ പെർമിറ്റ് ഉപയോഗിച്ച് അനധികൃതമായി സർവീസ് നടത്തിയ 400 ഓട്ടോറിക്ഷകൾക്കെതിരെയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 15 ബസ് ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു. ഇടയ്‌ക്കുവച്ച്‌ സർവീസ്‌ മുടക്കുന്ന 40 ബസുകളുടെ പെർമിറ്റിൽ നടപടി എടുക്കുന്നതിന് ആർടിഒ ബോർഡിലേക്ക് ശുപാർശ ചെയ്തു.


ട്രാഫിക്കിന് എതിർദിശയിൽ ബസ് ഓടിച്ച് മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും പോകാൻ കഴിയാത്തവിധം മാർഗതടസ്സം സൃഷ്ടിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി. മൂവാറ്റുപുഴ കാളിയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽനിന്ന് യാത്രക്കാരി വീണ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു. സീബ്രാ ലൈനുകളിൽ കാൽനടക്കാരെ കടന്നുപോകാൻ അനുവദിക്കാതെ അലക്ഷ്യമായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അനവധി കേസുകളിൽ നടപടിയെടുത്തു. പരിശോധന തുടരുമെന്ന്‌ ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home