സ്‌റ്റാർട്ടപ് മിഷൻ -നാസ്കോം ധാരണപത്രം ഒപ്പിട്ടു
കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി

കൊച്ചി
കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിന് കൊടിയിറങ്ങി. സമാപന സമ്മേളനം ഐടി സ്പെഷ്യൽ സെക്രട്ടറി എസ് സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടൻ നിവിൻ പോളി മുഖ്യാതിഥിയായി. ഡീപ് ടെക് സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണിയിലേക്ക് പ്രവേശനം ലഭിക്കാനും കൂടുതൽ നിക്ഷേപം നേടാനും ലക്ഷ്യമിട്ട് നാസ്‌കോമും കേരള സ്‌റ്റാർട്ടപ് മിഷനും ഒപ്പിട്ട ധാരണപത്രം ചടങ്ങിൽ കൈമാറി. എസ് സാംബശിവറാവുവിന്റെ സാന്നിധ്യത്തിൽ അനൂപ് അംബിക, നാസ്‌കോം ഡീപ്ടെക് ഡയറക്ടർ ശ്രേയ ശർമ, നേഹൽ പാണ്ഡ്യ എന്നിവരാണ് ധാരണപത്രം കൈമാറിയത്.
കെഐഎഫിന്റെ പശ്ചാത്തലത്തിൽ സൂപ്പർബ്രെയിൻ എഐയും നടൻ നിവിൻ പോളിയുടെ പോളി ജൂനിയറും ചേർന്ന് നടത്തിയ ഹാക്ക്ജെൻ എഐ ഹാക്കത്തോണിൽ കുസാറ്റിലെ ടീം എപിഎക്സ് ഒന്നാംസ്ഥാനവും ഒരുലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നേടി. മാക്ബീ ഇന്നൊവേഷൻ ലാബ് ടീമിനാണ് രണ്ടാം സ്ഥാനം (50,000 രൂപ). ചെന്നൈ അണ്ണാ സർവകലാശാല ടീം പീക്കി ബ്ലൈൻഡേഴ്സ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. ആദിശങ്കര കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ടീം ഫൈബിളിനാണ് വനിതാ ഭൂരിപക്ഷമുള്ള ടീമിനുള്ള പ്രത്യേക പുരസ്‌കാരം. നിവിൻ പോളിയും പോളി ജൂനിയർ ഡയറക്ടറും നിവിന്റെ ഭാര്യയുമായ റിന്ന ജോയിയുംചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.









0 comments