യുവസംരംഭകരുടെ ആശയങ്ങൾ കാണാൻ തിരക്ക്

കൊച്ചി
ഭാവിയിലെ നിത്യജീവിതത്തിന്റെ കാഴ്ച ഒരുക്കിയ കളമശേരി കേരള സ്റ്റാർട്ടപ് മിഷൻ ഡിജിറ്റൽ ഹബ്ബിലെ കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ കാണാൻ തിക്കിതിരക്കി യുവതലമുറ. പക്ഷാഘാതംവന്ന് കാലുകൾക്ക് ചലനശേഷി നഷ്‌ടമായ രോഗിയെ സഹായിക്കാൻ അഞ്ച് യുവസംരംഭകർ ചേർന്ന് തയ്യാറാക്കിയ മെഡിക്കൽ റോബോട്ടിനെ കാണാനും മനസ്സിലാക്കാനും നിരവധിപേർ എത്തുന്നുണ്ട്. ഡോക്‌ടർക്കും ഫിസിയോതെറാപ്പിസ്‌റ്റിനും ജോലി എളുപ്പമാക്കി രോഗിയുടെ കാൽ കൃത്യ ഇടവേളകളിൽ ചലിപ്പിക്കുക എന്നതാണ് റോബോട്ടിന്റെ ജോലി. ഇതിനായി ഒരു ആപ്പും യുവസംരംഭകർ തയ്യാറാക്കിയിട്ടുണ്ട്. മൂന്നുവർഷമായി നടന്നുവരുന്ന ഗവേഷണം അവസാനഘട്ടത്തിലാണെന്ന് സ്‌റ്റാർട്ടപ്പിന്റെ ഭാഗമായ അൽ ഇംതിയാസ് പറഞ്ഞു.
കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ രജിസ്‌റ്റർ ചെയ്‌ത എക്‌സോബോണിക് കമ്പനിയാണ് റോബേട്ടിനെ നിർമിച്ചത്.ഓപ്പറേഷൻ സിന്ദൂറിലടക്കം പങ്കാളിത്തം വഹിച്ച ഐറോവ് അണ്ടർ വാട്ടർഡ്രോണുകൾ, കാർഷികാവശ്യങ്ങൾക്കുള്ള ഫ്യൂസലേജ് ഡ്രോൺ തുടങ്ങി കേരളത്തിൽനിന്നുള്ള വിജയഗാഥകൾ രചിച്ച സ്റ്റാർട്ടപ്പുകളുടെ ആധുനിക ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിലുള്ളത്.









0 comments