കെനിയയിലെ ബസ്‌ അപകടം ; ഗീതയുടെ വേർപാടിന്റെ ഞെട്ടലിൽ കുടുംബം

kenya accident
വെബ് ഡെസ്ക്

Published on Jun 11, 2025, 02:49 AM | 1 min read


കൊച്ചി

വിനോദയാത്രയ്‌ക്ക്‌ പോയ അമ്മയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ്‌ കെനിയയിൽ ബസ്‌ അപകടത്തിൽ മരിച്ച ഗീത ഷോജി ഐസക്കി (56)ന്റെ മകനും കുടുംബവും. കഴിഞ്ഞദിവസം രാത്രിയാണ്‌ അപകടവാർത്ത അറിയുന്നതെന്ന്‌ ഗീതയുടെ മകൻ ഡോ. ജോയൽ മാധ്യമങ്ങളോട്‌ പറഞ്ഞു. അപകടം നടന്ന ഉടൻ പരിക്കേറ്റവരെ നാല്‌ ആശുപത്രികളിലേക്കായാണ്‌ മാറ്റിയത്‌. എംബസി ഇടപെടലിൽ അച്ഛനെയും സഹോദരനെയും ബന്ധപ്പെടാനായി. പിന്നീടാണ്‌ അമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന്‌ അറിയുന്നത്‌. ബസിന്റെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് അച്ഛനും സഹോദരനും പറഞ്ഞത്‌. പരിക്കുകളുള്ളതിനാൽ അവർ ആശുപത്രിയിലാണ്‌. സഹോദരൻ ഏബിളിന്‌ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് അറിയിച്ചിരിക്കുന്നത്‌. അച്ഛന്റെ സഹോദരൻ ഏമർജൻസി വിസയെടുത്ത് അവിടേക്ക് തിരിച്ചിട്ടുണ്ടെന്നും ജോയൽ പറഞ്ഞു.


രണ്ടാഴ്‌ചമുമ്പാണ്‌ അമ്മയും അച്ഛനും സുഹൃത്തിന്റെ മക്കളുടെ വിവാഹത്തിനായി കൊച്ചിയിലെത്തി മടങ്ങിയത്‌. ജൂലൈയിൽ വീണ്ടും വരാനിരിക്കുകയായിരുന്നുവെന്ന്‌ മരുമകൾ ഐശ്വര്യ പറഞ്ഞു. പാലാരിവട്ടത്ത്‌ സ്‌കൈലൈൻ ഇംപീരിയിൽ ഫ്ലാറ്റിലാണ്‌ കുടുംബം താമസിക്കുന്നത്‌. 23 വർഷം കുടുംബവുമായി ഖത്തറിലാണ്‌ ഗീതയും ഷോജിയും.



deshabhimani section

Related News

View More
0 comments
Sort by

Home