കുമ്പളങ്ങി–അരൂർ കെൽട്രോൺ പാലം യാഥാർഥ്യമാകുന്നു

കുമ്പളങ്ങി– അരൂർ കെൽട്രോൺ പാലം നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
പള്ളുരുത്തി
കുമ്പളങ്ങി, അരൂർ നിവാസികളുടെ ചിരകാല സ്വപ്നമായ കുമ്പളങ്ങി– അരൂർ കെൽട്രോൺ പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ ജെ മാക്സി എംഎൽഎ അധ്യക്ഷനായി.
കിഫ്ബിവഴി 44.20 കോടി രൂപ മുടക്കിയാണ് പാലം നിർമിക്കുന്നത്. എട്ട് സ്പാനോടുകൂടി 290 മീറ്റർ നീളവും 7.50 മീറ്റർ വീതിയും പാലത്തിനുണ്ടാകും. 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയുമുണ്ട്.
കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 136 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ ബിഎം ബിസി നിലവാരത്തിൽ നിർമിക്കും.
രണ്ട് ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 18 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് കരാർ. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്, ദലീമ എംഎൽഎ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, പി എ പീറ്റർ, ദിപു കുഞ്ഞുകുട്ടി തുടങ്ങിയവർ സംസാരിച്ചു.









0 comments