കറുകുറ്റി പഞ്ചായത്ത്‌ പൊതുശ്‌മശാനം എന്നുണ്ടാകും ?

Karukutty Panchayath
വെബ് ഡെസ്ക്

Published on Jul 29, 2025, 03:34 AM | 1 min read


അങ്കമാലി

കറുകുറ്റി പഞ്ചായത്തിലെ പൊതുശ്മശാനം എന്ന ജനങ്ങളുടെ ആവശ്യത്തിന് ഒന്നരപ്പതിറ്റാണ്ട് പിന്നിടുന്നു. ഒന്നാംവാർഡിൽ പഞ്ചായത്തുവക 50 സെന്റ്‌ സ്ഥലമുണ്ടായിട്ടും ശ്‌മശാനം നിർമിക്കാൻ യുഡിഎഫ്‌ ഭരണസമിതി തയ്യാറായിട്ടില്ല.


2010ൽ എൽഡിഎഫ് ഭരണസമിതിയാണ്‌ ശ്മശാനനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്‌. പത്തുസെന്റ്‌ അളന്ന്‌ പദ്ധതിക്ക് ആവശ്യമായ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. തുടർന്നുവന്ന യുഡിഎഫ് ഭരണസമിതിയും എംഎൽഎയും ഓരോ പദ്ധതി കാലയളവിലും ഗ്രാമസഭകളിലും 50 ലക്ഷംമുതൽ ഒരുകോടിയുടെവരെ പദ്ധതികൾ പ്രഖ്യാപിക്കുമെങ്കിലും ശ്‌മശാനത്തിനായി തുക നീക്കിവയ്‌ക്കാതെ കബളിപ്പിക്കുകയാണ്‌. പൊതുശ്മശാനത്തിന് പഞ്ചായത്തിന് സ്ഥലമുണ്ടായിട്ടും സർക്കാർ സഹായം നൽകാമെന്ന് വ്യക്തമാക്കിയിട്ടും യുഡിഎഫ് ഭരണസമിതി പദ്ധതി തുടങ്ങാൻ തയ്യാറായിട്ടില്ല.


പട്ടികജാതി വിഭാഗത്തിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഉൾപ്പെടുന്ന ഭരണസമിതിയായിട്ടും ജനകീയ ആവശ്യം പൂർത്തിയാക്കിയില്ല. ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി ഉന്നതിയായ മുന്നൂർപ്പിള്ളി, മൂന്നാംപറമ്പ് പാണ്ടറ ഉൾപ്പെടെ പഞ്ചായത്തിലെ 11 പട്ടികജാതി നഗറുകളും നാലിൽ അധികം ലക്ഷംവീട് നഗറുകളും ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ പൊതുശ്‌മശാനം നടപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യം യുഡിഎഫ്‌ ഭരണസമിതി നിറവേറ്റിയില്ല. ഭരണഘടനാ ശിൽപ്പി അംബേദ്കറുടെ പ്രതിമ വരാന്തയിൽ തള്ളിയ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.


പതിനഞ്ചുവർഷം തുടർഭരണം ലഭിച്ചിട്ടും ജനകീയ ആവശ്യത്തോടുള്ള കോൺഗ്രസ് സമീപനം ജനാധിപത്യവിരുദ്ധമാണെന്നും പൊതുശ്‌മശാനം നിർമിക്കാൻ ഭരണസമിതി തയ്യാറാകണമെന്നും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി വി ടോമി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home